ജിദ്ദ – മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച പൊതുശുചീകരണ നിയാവലിയിൽ വ്യക്തികളുടെ ഭാഗത്തുള്ള നിയമ
ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴകൾ നടപ്പാക്കാൻ തുടങ്ങിയതായി മക്ക നഗരസഭ
അറിയിച്ചു. കുപ്പത്തൊട്ടികൾ കേടുവരുത്തൽ,
കുപ്പത്തൊട്ടികൾക്കു ചുറ്റും സ്ഥാപിച്ച വേലികൾ, തറ എന്നിവ കേടുവരുത്തൽ എന്നീ നിയമ ലംഘനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ആയിരം റിയാൽ തോതിൽ പിഴ ലഭിക്കും. പിഴക്കു പുറമെ കേടുപാടുകളും നാശനഷ്ടങ്ങളും നന്നാക്കാനാകുന്ന ചെലവും നിയമ ലംഘകരിൽ നിന്ന് ഈടാക്കും. കുപ്പത്തൊട്ടികളുടെ സ്ഥാനം മാറ്റൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത ആവശ്യങ്ങൾക്ക് കുപ്പത്തൊട്ടികൾ ഉപയോഗിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് വ്യക്തികൾക്ക് 500 റിയാൽ തോതിലാണ് പിഴ ലഭിക്കുക. നിയമം ലംഘനം മൂലമുള്ള കേടുപാടുകൾ നന്നാക്കാൻ നഷ്ടപരിഹാരവും ഈടാക്കും. ഭിത്തികളിലും മതിലുകളിലും മറ്റും എഴുതുന്നതിന് 100 റിയാൽ പിഴയാണ് ചുമത്തുക. ഏതു നിയമ ലംഘനങ്ങളും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. സേവന നിലവാരം ഉയർത്താനും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ദൃശ്യവികലത ഇല്ലാതാക്കാനുമാണ് പൊതുശുചീകരണ നിയമാവലിയിൽ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മക്ക നഗരസഭ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴകൾ നാലു മാസം മുമ്പ് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കി തുടങ്ങിയിരുന്നു. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ചാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നിർണയിച്ചിരിക്കുന്നത്. റെസ്റ്റോറന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. കൈയുറകൾ ധരിക്കാത്തതിനും ശിരസ്സിലെ മുടി മറക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും യൂനിഫോം ധരിക്കാത്തതിനും ജോലിയുടെ സ്വഭാവമനുസരിച്ച് വാച്ചുകളും കൈകളിൽ ആഭരണങ്ങളും ധരിക്കാൻ പാടില്ലാത്തവർ ജോലിക്കിടെ ഇവ ധരിക്കുന്നതിനും ഇതേ തുകയാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത്. സ്ഥാപനത്തിനകത്ത് കിടുറങ്ങൽ, ജോലിക്കിടെ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കൽ, തൊഴിലാളികളുടെ വ്യക്തിപരമായ വസ്തുക്കൾ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും.
Comments are closed.