സൗദിയിൽ വെൻഡിംഗ് മെഷീനുകൾ വഴി സിഗരറ്റിനും എനർജി ഡ്രിങ്കിനും വിലക്ക്

ജിദ്ദ – വെൻഡിംഗ് മെഷീനുകൾ വഴി പുകയില ഉൽപന്നങ്ങളും എനർജി ഡ്രിങ്കുകളും വിൽക്കുന്നത് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വിലക്കുന്നു. വെൻഡിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് തയാറാക്കിയ പുതിയ കരടു വ്യവസ്ഥകളിലാണ് പുകയില ഉൽപന്നങ്ങളുടെയും എനർജി ഡ്രിങ്കുകളുടെയും വിൽപനക്കുള്ള വിലക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. നാലിടങ്ങളിൽ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നതും വിലക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെയും വിദഗ്‌ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കായി കരടു വ്യവസ്ഥകൾ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പരസ്യപ്പെടുത്തി. വെൻഡിംഗ് മെഷീനുകളിൽ വിൽക്കുന്ന ഉൽപന്നങ്ങൾ സൗദിയിലെ നിയമങ്ങൾക്ക് അനുസൃതമായി അനുമതിയുള്ളവയായിരിക്കണമെന്നും കാലാവധിയുള്ളതായിരിക്കണമെന്നും കേടാകാത്തതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വെൻഡിംഗ് മെഷീനുകൾ വഴി വിൽക്കുന്ന ചൂടുള്ള പാനീയങ്ങൾ നിറക്കാൻ പ്ലാസ്റ്റിക്കും ഫോമും ഉപയോഗിച്ച് നിർമിച്ച കപ്പുകൾ ഉപയോഗിക്കാൻ പാടില്ല.

Comments are closed.