ജിദ്ദ: വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് വർധിച്ചു. പതിവുപോലെ റജബ് മാസമായതോടെ മക്കയിലേക്കുള്ള തീർഥാടകരുടെ വരവ് മുമ്പുള്ളതിനെക്കാൾ ശക്തമായിട്ടുണ്ട്. റജബ്, ശഅബാൻ, റമദാൻ മാസങ്ങളിൽ ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്നും വരുന്ന ഉംറ തീർഥാടകരുടെ എണ്ണം സാധാരണ കൂടാറുണ്ട്. അതിനാൽ ഇൗ മാസങ്ങളെ ഉംറ സീസണിലെ ഏറ്റവും ഉയർന്ന സമയമായി കണക്കാക്കുന്നു. തുർക്കി, ഇന്തോനേഷ്യ, ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, പാകിസ്താൻ, ലിബിയ, ഉസ്ബകിസ്താൻ, അസർബൈജാൻ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ തീർഥാടകരെത്തിക്കൊണ്ടിരിക്കുന്നത്.
വരും ആഴ്ചകളിൽ തീർഥാടകരുടെ വരവ് ഇനിയും ശക്തമാകുമെന്നാണ് ഉംറ രംഗത്തുള്ളവരുടെ വിലയിരുത്തൽ. ഉംറ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്നതിന് നൂതനമായ സംവിധാനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.
തീർഥാടകർ അനുവദിച്ച സമയപരിധിക്കുള്ളിൽ ഉംറ കർമങ്ങൾ നിർവഹിച്ച് തിരിച്ചുപോകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ ഹറമുകളിലും തീർഥാടകരെത്തുന്ന സ്ഥലങ്ങളിലും കൂടുതൽ സൗകര്യങ്ങളും അതത് വകുപ്പുകൾ പൂർത്തിയാക്കിട്ടുണ്ട്. റമദാൻ അടുത്തതോടെ വിവിധ എംബസികളിലും കോൺസുലേറ്റുകളിലും ഉംറ വിസ നടപടികൾ കൂടുതൽ സജീവമായിട്ടുണ്ട്. ഉംറ തീർഥാടകർ എത്തിയത് മുതൽ തിരിച്ചുപോകുന്നതു വരെ സേവനം നൽകുന്നതിന് 270 കമ്പനികൾ രംഗത്തുണ്ടെന്ന് ഹജ്ജ്, ഉംറ ദേശീയ സമിതി അംഗം സഇൗദ് ബാഹശ്വാൻ പറഞ്ഞു. റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് മക്കയിലും മദീനയിലും തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ ഉംറ കമ്പനികൾ സജ്ജമാണ്. തീർഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് രണ്ട് പുണ്യനഗരങ്ങളിലെയും ഹോട്ടലുകൾ ബുക്കിങ് അനുപാതം കൂടും.
ഗതാഗതം, റെസ്റ്റാറന്റുകൾ, ഷോപ്പിങ്, ഗിഫ്റ്റ് മാർക്കറ്റുകൾ സജീവമാകുമെന്നും പറഞ്ഞു.
Comments are closed.