ഇന്ത്യൻ തീരദേശസേന പട്രോളിങ് കപ്പൽ സജാഗ് ദമാം കിങ് അബ്ദുൽ അസീസ് തുറമുഖത്ത്

ദമാം : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പരസഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ തീരദേശസേനയുടെ പട്രോളിങ് കപ്പൽ സജാഗ് ദമാം കിങ് അബ്ദു‌ൽ അസീസ് തുറമുഖത്ത് എത്തിച്ചേർന്നു. റോയൽ സൗദി ബോർഡർ ഗാർഡ്‌സ്, റോയൽ സൗദി നേവൽ ഫോഴ്സ്, പോർട്ട് അതോറിറ്റികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ എന്നിവർ ഊഷ്‌മളമായി സ്വീകരിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം തദ്ദേശീയമായി രൂപകല്പന ചെയ്ത ഓപ്പറേഷൻ പട്രോൾ കപ്പലായ സജാഗ് മൂന്ന് ദിവസത്തെ സുഹൃദ് സന്ദർശനത്തിനായാണ് ചൊവ്വാഴ്‌ച സൗദിയിലെത്തിയത്.ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, മറൈൻ മലിനീകരണ പ്രതികരണത്തെക്കുറിച്ചുള്ള ടേബിൾ ടോപ്പ് പരിശീലനം, വെസൽ ബോർഡ് സെർച്ച് ആൻഡ് സീസർ (വിബിബിഎസ്), മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ തുടങ്ങിയ മേഖലകളിൽ സൗദി ബോർഡർ ഗാർഡുകളുമായും സൗദി നാവിക സേനാംഗങ്ങളുമായും ദീർഘകാല നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും സഹകരണ ഇടപെടലുകൾ വർധിപ്പിക്കാനും സന്ദർശനം ലക്ഷ്യമിടുന്നു. ആധുനിക ആയുധ സംവിധാനങ്ങൾ, സെൻസറുകൾ, അത്യാധുനിക നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ,ഒരു ഹെലികോപ്റ്റർ എന്നിവ
ഉൾപ്പെടെയുള്ളവ കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നു. കപ്പൽ നേരത്തെ ഒമാനിലെ പോർട്ട് സുൽത്താൻ ഖാബൂസ് സന്ദർശിച്ചിരുന്നു, സൗദിയിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം കപ്പൽ യുഎഇയിലെ മിന റാഷിദ് തുറമുഖത്ത് എത്തും.

Comments are closed.