റിയാദ് : ട്രക്കുകളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയതായി സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. മുഴുവൻ ട്രക്കുകളുടെയും സ്ഥാനം, വേഗത, ഭാരം, താപനില എന്നിവയെ കുറിച്ചുള്ള സംയോജിത വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. വാഹനാപകട മരണ നിരക്കും ഗുരുതരമായ വാഹനാപകടങ്ങളും അഞ്ചു വർഷത്തിനിടെ 50 ശതമാനത്തിലേറെ കുറയ്ക്കാൻ ആധുനിക സാങ്കേതികവിദ്യകൾ സഹായിച്ചതായി റിയാദിൽ ഗ്ലോബൽ സ്മാർട്ട് സിറ്റി ഫോറത്തിൽ പങ്കെടുത്ത് മന്ത്രി പറഞ്ഞു.
വിവിധ ഗതാഗത മാർഗങ്ങൾക്കായുള്ള ആസൂത്രണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് ഗതാഗത മന്ത്രാലയം വ്യത്യസ്ത സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സ്ട്രാറ്റജിയിലെ ഒരു പ്രധാന സംരംഭം, ആധുനിക ഗതാഗത സാങ്കേതികവിദ്യകൾ പ്രാപ്തമാക്കുന്നതുമായും വിവിധ ഗതാഗത സംവിധാനങ്ങൾക്ക് ഒരു ടെസ്റ്റിങ് ഗ്രൗണ്ട് ലഭ്യമാക്കുന്നതുമായും ബന്ധപ്പെട്ടതാണ്. എല്ലാ പ്രധാന മേഖലകളിലും പരിവർത്തനങ്ങളിലും രാജ്യം ദ്രുതഗതിയിലുള്ള പുരോഗതിയിലൂടെയും സംഭവവികാസങ്ങളിലൂടെയും കടന്നുപോകുന്നു. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഒരു പ്രധാന ഭാഗമെന്നോണമാണ് ഈ ഡാറ്റകൾ ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.