ജിദ്ദ: കഴിഞ്ഞ വർഷം സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചു.
കഴിഞ്ഞ കൊല്ലം ഉത്തര സൗദി, കിഴക്കൻ സൗദി, ഹറമൈൻ എക്‌സ്പ്രസ് ട്രെയിൻ, മശാഇർ മെട്രോ എന്നിവയിൽ ആകെ 1.12 കോടി പേരാണ് യാത്ര ചെയ്തത്. ഇത് സർവകാല റെക്കോർഡ് ആണ്.
2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ട്രെയിൻ സർവീസുകളുടെ എണ്ണം 25 ശതമാനം തോതിൽ വർധിച്ചു. 2023 ൽ 32,098 ട്രെയിൻ സർവീസുകളാണ് നടത്തിയത്. കഴിഞ്ഞ കൊല്ലം ഹജ് കാലത്ത് മശാഇർ മെട്രോ സർവീസുകളിൽ 21.3 ലക്ഷം ഹാജിമാർ യാത്ര ചെയ്തു.
സൗദി അറേബ്യ റെയിൽവെയ്‌സിനു കീഴിലെ ഗുഡ്‌സ് ട്രെയിനുകളിൽ കഴിഞ്ഞ വർഷം 2.47 കോടിയിലേറെ ടൺ ധാതുവിഭവങ്ങളും ചരക്കുകളും നീക്കം ചെയ്തു. ട്രെയിൻ മാർഗമുള്ള ചരക്ക് നീക്കത്തിൽ ആറു ശതമാനം വളർച്ച രേഖപ്പെടുത്തി. 20 ലക്ഷത്തിലേറെ ലോറികൾ റോഡുകളിൽനിന്ന് നീക്കം ചെയ്യാനും സൗദിയിൽ ഇന്ധന ഉപയോഗത്തിൽ 30 ലക്ഷത്തിലേറെ ബാരൽ ലാഭിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും ഗുഡ്‌സ് ട്രെയിൻ സർവീസുകൾ സഹായിച്ചു. തന്ത്രപരമായ ആസൂത്രണം, റെയിൽവെ ഗതാഗത മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, സർക്കാർ, സ്വകാര്യ മേഖലാ പങ്കാളികളുമായി സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കൽ എന്നിവയുടെ ഫലമായാണ് ഈ അസാധാരണ വിജയം കൈവരിക്കാൻ സാധിച്ചതെന്ന് സൗദി അറേബ്യ റെയിൽവെയ്‌സ് സി.ഇ.ഒ ഡോ. ബശാർ അൽമാലിക് പറഞ്ഞു. ഇത് സേവന നിലവാരം ഉയർത്താനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിച്ചു.
മധ്യപൗരസ്ത്യദേശത്തും ഉത്തരാഫ്രിക്കയിലും ആദ്യമായി ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം, റിയാദ് ഡ്രൈ ഡോക്കിലേക്കുള്ള നേരിട്ടുള്ള കയറ്റുമതി സേവനം, ട്രെയിൻ ടിക്കറ്റുകളെ ഓൺലൈൻ ടാക്‌സി കമ്പനിയായ യൂബർ അടക്കം ഏതാനും തന്ത്രപരമായ പങ്കാളികളുമായി ഇലക്‌ട്രോ ണിക് സംവിധാനത്തിൽ ബന്ധിപ്പിക്കൽ, കപ്പൽ ഗതാഗതത്തെയും ട്രെയിൻ ഗതാഗത്തെയും ബന്ധിപ്പിക്കാൻ കരാറുകൾ ഒപ്പുവെക്കൽ, ട്രെയിനുകൾ വഴി കാറുകൾ നീക്കം ചെയ്യാനുള്ള ആദ്യ കരാർ ഒപ്പുവെക്കൽ എന്നിവ അടക്കം നിരവധി നിരവധി നേട്ടങ്ങൾ സൗദി അറേബ്യ റെയിൽവെയ്‌സ് കഴിഞ്ഞ വർഷം കൈവരിച്ചതായും ഡോ. ബശാർ അൽമാലിക് പറഞ്ഞു.
Comments are closed.