സൗദിയിൽ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത് 2,400 കിലോമീറ്റർ റോഡ്  

ജിദ്ദ : കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 2,400 കിലോമീറ്റർ റോഡ് പദ്ധതികൾ പൂർത്തിയാക്കിയതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയുടെ സാമ്പത്തികാഭിവൃദ്ധിക്ക് പിന്തുണ നൽകാനും റോഡ് മേഖലാ സ്ട്രാറ്റജി ലക്ഷ്യങ്ങൾ കൈവരിക്കാനും പുതിയ പദ്ധതികൾ സഹായിക്കും.

റിയാദ്-അൽറൈൻ-ബീശ റോഡ് 161 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ, റിയാദ്-ഖുറൈസ് റോഡ് 68 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ, മജ്മ-ശഖ്‌റാ റോഡ് 23 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ, ദഹ്‌റാൻ-ജുബൈൽ റോഡ് 39 കിലോമീറ്റർ ദൂരത്തിൽ വികസിപ്പിക്കൽ എന്നീ പദ്ധതികൾ കഴിഞ്ഞ വർഷം പൂർത്തിയാക്കി.

ലൈത്ത്-മക്ക റോഡ് 73 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ, പുതിയ തായിഫ് എയർപോർട്ട് റോഡ് നിർമാണം, ഈ റോഡിനെ സൂഖ് ഉക്കാദുമായി 14 കിലോമീറ്റർ നീളത്തിലുള്ള റോഡിൽ ബന്ധിപ്പിക്കൽ, ഹിദ്ൻ-തുർബ റോഡ് 50 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ, ബീശ-റനിയ-അൽഖുർമ റോഡ് റിയാദ്-തായിഫ് എക്‌സ്പ്രസ്‌വേ വരെ 130 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ, ഖമീസ് മുഷൈത്ത്-ബീശ റോഡ് 14 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപാതയാക്കൽ, ബീശ-സബ്തൽഅലായാ റോഡ് 18 കിലോമീറ്റർ ദൂരത്തിൽ ഇരട്ടപ്പാതയാക്കൽ എന്നീ പദ്ധതികളും കഴിഞ്ഞ കൊല്ലം പൂർത്തിയാക്കി.

റോഡുകളുടെ ഗുണനിലവാര സൂചികയിൽ ലോകത്ത് ആറാം സ്ഥാനത്തെത്താനും വാഹനാപകടങ്ങളിലെ മരണ നിരക്ക് ഒരു ലക്ഷം പേർക്ക് അഞ്ചിൽ താഴെയായി കുറക്കാനുമുള്ള റോഡ് മേഖലാ സ്ട്രാറ്റജി ലക്ഷ്യങ്ങൾ കൈവരിക്കാൻ  റോഡുകളിൽ സുരക്ഷയും ഗുണനിലവാരവും ഉയർത്താൻ ഉയർന്ന ഗുണമേന്മയോടെയും മാനദണ്ഡങ്ങളോടെയുമാണ് ഈ പദ്ധതികൾ പൂർത്തിയാക്കിയതെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു.

Comments are closed.