സൗദിയിൽ പെട്രോളിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

ജിദ്ദ – ഈ വർഷം സൗദി ബജറ്റിൽ പെട്രോളിതര വരുമാനം സർവകാല റെക്കോർഡ് സ്ഥാപിച്ചു. പെട്രോളിതര വരുമാനം 441 ബില്യൺ റിയാലാണ്. ആകെ പൊതുവരുമാനത്തിൻ്റെ 37 ശതമാനം പെട്രോളിതര വരുമാനമാണ്. 2011 ൽ ഇത് ഏഴു ശതമാനം മാത്രമായിരുന്നു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായാണ് പെട്രോളിതര വരുമാനത്തിൽ വലിയ വളർച്ച കൈവരിക്കാൻ സാധിച്ചത്.

ഈ വർഷം പൊതുധനവിനിയോഗത്തിന്റെ 35 ശതമാനം പെട്രോളിതര മേഖലാ വരുമാനമാണ്. ഈ കൊല്ലം പൊതുധനവിനിയോഗം 1.275 ട്രില്യൺ റിയാലാണ്. 2011 ൽ പൊതുധനവിനിയോഗത്തിന്റെ പത്തു ശതമാനം മാത്രമായിരുന്നു പെട്രോളിതര മേഖലാ വരുമാനം. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ സാമ്പത്തിക, ഘടനാ പരിഷ്കാരങ്ങൾ പെട്രോളിതര വരുമാന വളർച്ചക്ക് സഹായിച്ചു. സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകി പെട്രോളിതര വരുമാനം വർധിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. 2016 ൽ വിഷൻ 2030 പ്രഖ്യാപിച്ച ശേഷം എട്ടു വർഷത്തിനിടെ പട്രോളിതര വരുമാനം 165 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. 2015 ൽ പെട്രോളിതര വരുമാനം 166.3 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം എണ്ണയിതര വരുമാനത്തിൽ 275 ബില്യൺ റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം പെട്രോളിതര വരുമാനം 411 ബില്യൺ
റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം പെട്രോളിതര വരുമാനം 7.3 ശതമാനം (30.1ബില്യൺ റിയാൽ) തോതിൽ വർധിച്ചു.
ഈ വർഷം പൊതുവരുമാനം 1.193 ട്രില്യൺ
റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ബജറ്റ് തയാറാക്കിയപ്പോൾ
കണക്കാക്കിയതിനെക്കാൾ 5.6 ശതമാനം
കൂടുതലാണിത്. പെട്രോളിതര വരുമാനം
വർധിച്ചതാണ് പൊതുവരുമാനം ഉയരാൻ
സഹായിച്ചത്. ഈ കൊല്ലം പൊതുധനവിനിയോഗം1.275 ട്രില്യൺ റിയാലായി ഉയരുമെന്ന് കണക്കാക്കുന്നു. ബജറ്റ് അംഗീകരിച്ചപ്പോൾ കണക്കാക്കിയതിലും 14.5 ശതമാനം കൂടുതലാണിത്. ആഗോള തലത്തിൽ തുടരുന്ന പണപ്പെരുപ്പത്തിൽ നിന്ന് പൗരന്മാർക്ക് സംരക്ഷണം നൽകാൻ ശ്രമിച്ച് സാമൂഹിക സുരക്ഷാ പദ്ധതികൾക്കുള്ള ധനവിനിയോഗം വർധിപ്പിച്ചതും സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ ശ്രമം തുടരുന്നതുമാണ് പൊതുധനവിനിയോഗം വർധിക്കാൻ ഇടയാക്കിയത്.പൊതുവരുമാനം അടുത്ത കൊല്ലം 1.172 ട്രില്യൺ റിയാലും 2026 ൽ 1.259 ട്രില്യൺ റിയാലും അടുത്ത വർഷം പൊതുധനവിനിയോഗം 1.251 ട്രില്യൺ റിയാലും 2026 ൽ 1.368 ട്രില്യൺ റിയാലുമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കൊല്ലത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്ന കമ്മി 82 ബില്യൺ റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ രണ്ടു ശതമാനമാണ്. 2024 ൽ 79 ബില്യൺ റിയാൽ കമ്മി പ്രതീക്ഷിക്കുന്നു. ഇത് ജി.ഡി.പിയുടെ 1.9 ശതമാനമാണ്.

Comments are closed.