റിയാദ് – സ്വകാര്യ മേഖലയിൽ 1,72,000
സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട്
അടുത്ത കൊല്ലം രണ്ടാം ഘട്ട സൗദിവൽക്കരണത്തിന് തുടക്കം കുറിക്കുമെന്ന്
മാനവശേഷി, സാമൂഹിക വികസന മന്ത്രി
എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. ബജറ്റ് ഫോറത്തോടനുബന്ധിച്ച സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആറു സുപ്രധാന മേഖലകളെ രണ്ടാം ഘട്ട
സൗദിവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നു. നോൺ- പ്രോഫിറ്റ് സെക്ടർ സംഘടനകളുടെ എണ്ണം 30 ശതമാനം തോതിൽ വർധിപ്പിച്ച് 5,000 ആയി ഉയർത്താനും സഹകരണ സൊസൈറ്റികളുടെ എണ്ണം 467 ആയി ഉയർത്താനും ലക്ഷ്യമിടുന്നു. സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം 17 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഇതിൽ 3,61,000 പേർ ആദ്യമായാണ് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നത്. തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 17 ശതമാനത്തിൽ നിന്ന് 35.3 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് 40 ശതമാനമായി ഉയർത്താൻ മന്ത്രാലയം പ്രവർത്തിക്കുന്നു. 2030 ഓടെ തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 30 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്.നിശ്ചയിച്ച സമയത്തിനും എട്ടു വർഷം മുമ്പ് ഈ ലക്ഷ്യം മറികടക്കാൻ സാധിച്ചു.പ്രത്യേക സൗദിവൽക്കരണം എൻജിനീയറിംഗ് പ്രൊഫഷനുകളിൽ സൗദികളുടെ എണ്ണം 40,000 ൽ നിന്ന് 70,000 ആയും അക്കൗണ്ടിംഗ് പ്രൊഫഷനുകളിൽ സ്വദേശികളുടെ എണ്ണം 42,000 ൽ നിന്ന് 1,03,000 ആയി ഉയർത്താനും ഒരു ലക്ഷത്തിലേറെ സ്വദേശി യുവതീയുവാക്കളെ ശാക്തീകരിക്കാനും സഹായിച്ചതായി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
Comments are closed.