സൗദിയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി

ജിദ്ദ : സൗദി അറേബ്യയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ഈ മാസം 15 മുതൽ ബയോമെട്രിക് സംവിധാനം നിർബന്ധമാക്കി. ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈമാറി. നിലവിൽ വർക്ക് വിസകൾക്ക്(എംപ്ലോയ്മെന്റ് വിസ) ബയോമെട്രിക് നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വിസ നേരിട്ട് സ്റ്റാമ്പ് ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും അപ് ലോഡ് ചെയ്ത ശേഷം ബയോമെട്രിക് രജിസ്ട്രേഷനുള്ള അപ്പോയിൻമെന്റിന് വേണ്ടി കൈമാറണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്ത ശേഷം പലർക്കും സൗദിയിൽ വിമാനമിറങ്ങിയാൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടാകാറുണ്ട്. നേരത്തെയുള്ള കേസുകളും മറ്റു നിയമപ്രശ്നങ്ങളും കാരണമാണ് ഇത്തരത്തിൽ പ്രതിസന്ധിയുണ്ടാകുന്നത്.

 

ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ പ്രശ്നം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ സൗദിയിലേക്കുള്ള വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ തുടങ്ങിയവ വി.എഫ്.എസ് വഴിയാണ് ബയോമെട്രിക് അടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത്. ഉംറ വിസക്ക് മാത്രമാണ് ഇനി മുതൽ ബയോമെട്രിക് ആവശ്യമില്ലാത്തത്.

Comments are closed.