സൗദിയിൽ കെട്ടിട ബാൽക്കണികളിൽ മാറ്റമോ നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്

റിയാദ്- സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിലും അനുബന്ധ നിർമിതകളിലും രൂപ വ്യത്യാസമോ, നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്. സൗദി മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയമാണ് ഇത്തരത്തിൽ വിലക്കേർപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്.

കെട്ടിടങ്ങളുടെ മുൻവശത്തെ പെയിന്റിംഗിൽ നിന്നും നിറത്തിൽ നിന്നും വ്യത്യസ്തമായി ബാൽക്കണികൾക്ക് നിറങ്ങളോ കെട്ടിടത്തിന്റെ നിർമാണ ശൈലിക്കു വ്യത്യസ്തമായ രൂപമോ ഡെക്കറേഷനുകളോ നിർമാണ വസ്തുക്കളോ ബാൽക്കണികളിൽ ഉപയോഗിക്കാൻ പാടില്ല. പുതിയ ഉത്തരവിന് വിരുദ്ധമായി നിർമിതികളുണ്ടാക്കിയാൽ കനത്ത പിഴയൊടുക്കേണ്ടി വരും.

സൗദി നിർമാണ കോഡിനനുസരിച്ച രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങളും വില്ലകളും പാർപ്പിട കേന്ദ്രങ്ങളും അനുബന്ധ ഭാഗങ്ങളും നിർമിക്കാൻ പാടുള്ളൂ. കെട്ടിടങ്ങുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുന്ന തരത്തിലുള്ള നിർമിതകളുണ്ടാക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത എൻജിനീയർമാരുടെ പ്ലാൻ അനുസരിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി നേടിയായിരിക്കണം നിർമാണ പ്രവൃത്തികൾ നടത്തേണ്ടത്.കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും മുനിസിപ്പാലിറ്റികളുടെ അനുമതി നേടിയിട്ടുള്ള പ്ലാൻ അനുസരിച്ച് മാത്രമായിരിക്കണമെന്ന് ഇതു സംബന്ധമായി തയാറാക്കിയ സൗദി മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയ നിയമാവലി വ്യക്തമാക്കുന്നു.

Comments are closed.