ജിദ്ദ : സൗദി അറേബ്യയെ കുറിച്ച സമഗ്രവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ ലോകത്തെവിടെ നിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സൗദിപീഡിയ എന്ന പേരില്‍ മീഡിയ മന്ത്രാലയം എന്‍സൈക്ലോപീഡിയ പുറത്തിറക്കി. സൗദി എന്‍സൈക്ലോപീഡിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം -സൗദിപീഡിയ സൗദി മീഡിയ ഫോറത്തോടനുബന്ധിച്ച മീഡിയ എക്സിബിഷനില്‍ (ഫ്യൂച്ചര്‍ ഓഫ് മീഡിയ എക്സിബിഷന്-ഫോമെക്സ്) മീഡിയ മന്ത്രി സല്മാന് അല്‍ദോസരി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയും അസിസ്റ്റന്റ് മീഡിയ മന്ത്രി ഡോ. അബ്ദുല്ല അല്മഗ്ലൂത്തും സൗദി മീഡിയ ഫോറം പ്രസിഡന്റും സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സി.ഇ.ഒയുമായ മുഹമ്മദ് അല്ഹാരിസിയും അറബ്, അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ദര്‍ശനവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് രാജ്യത്തെ കുറിച്ചുള്ള ഒരു വിജ്ഞാന റഫറന്‍സ് ആയി മാറാനാണ് സൗദി എന്‍സൈക്ലോപീഡിയ ലക്ഷ്യമിടുന്നതെന്ന് മീഡിയ മന്ത്രി പറഞ്ഞു. നിരവധി ഭാഷകളില്‍ സൗദി അറേബ്യയെ കുറിച്ച വിവരങ്ങളുടെ ആദ്യ റഫറന്‍സ് ആയി മാറുന്നതിന് മികച്ച സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി സൃഷ്ടിച്ച ഒരു പ്ലാറ്റ്ഫോം വഴി വിശ്വസനീയമായ വിവരങ്ങള്‍ ഒരു വിജ്ഞാനകോശ രീതിയില്‍ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സൗദിപീഡിയ സഹായിക്കുന്നു.
സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രോഗ്രാമുകളില്‍ ഒന്നായ മാനവശേഷി വികസന പ്രോഗ്രാം സംരംഭങ്ങളുടെ ഭാഗമാണ് സൗദി എന്‍സൈക്ലോപീഡിയ. സൗദി അറേബ്യയെ കുറിച്ച അറിവുകളുടെ റഫറന്‍സ് ആയി മാറാന്‍ എന്‍സൈക്ലോപീഡിയ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ വിപുലമായ പൈതൃകത്തിലും ചരിത്രത്തിലും ശക്തമായ വേരുകളിലും അതുല്യമായ സാംസ്കാരിക സ്വത്വത്തിലും അഭിമാനിക്കുന്ന ഊര്‍ജസ്വലമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ശ്രമിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ദര്‍ശനത്തിന്റെ അടിത്തറയിലേക്കുള്ള ചുവടുകള്‍ ചലിപ്പിക്കുന്നതിനായി സൗദി വിജ്ഞാനകോശത്തിന്റെ പ്രഥമ രൂപം പുറത്തിറക്കുകയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സല്മാന് അല്‍ദോസരി പറഞ്ഞു.
അറബിയില്‍ തുടങ്ങി നിരവധി ഭാഷകളിലുള്ള ഒരു പ്ലാറ്റ്ഫോമിലൂടെ സൗദി ഭരണാധികാരികള്‍, ജനങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയെ കുറിച്ചുള്ള സൗദി വിവരണത്തിന്റെ ആദ്യ ഉറവിടമാകാന്‍ സൗദിപീഡിയ മത്സരിക്കുന്നു. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ എല്ലാ തലങ്ങളിലും രാജ്യത്തിന്റെ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന എന്‍സൈക്ലോപീഡിക് ഉള്ളടക്കം സൗദിപീഡിയ നല്കുന്നു. ഇത് പ്ലാറ്റ്ഫോമിനെ എന്‍സൈക്ലോപീഡിയ വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സാക്കി മാറ്റുന്നു. ഇതിലൂടെ പ്രാദേശിക, അറബ്, അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കും വിജ്ഞാന പ്ലാറ്റ്ഫോമുകള്‍ക്കും സൗദി കാര്യങ്ങളെ കുറിച്ചുള്ള ഉള്ളടക്കം നേടാന്‍ സാധിക്കും.
രാജ്യത്തിന്റെ സാംസ്കാരികവും നാഗരികവും ചരിത്രപരവും പ്രകൃതിദത്തവും ഭൂമിശാസ്ത്രപരവുമായ സമ്പന്നതക്കൊപ്പം സഞ്ചരിക്കുന്നതിന് സൗദി വിജ്ഞാനകോശം കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുകയും മള്‍ട്ടിമീഡിയയുടെ പിന്തുണയോടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യും. എക്സ്പ്ലാറ്റ്ഫോമിലും ഇന്‍സ്റ്റഗ്രാമിലും സൗദിപീഡിയ ലഭിക്കും.
സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും സൗദി ജേണലിസ്റ്റ്സ് അസോസിയേഷനും സഹകരിച്ച് റിയാദില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സൗദി മീഡിയ ഫോറത്തോടനുബന്ധിച്ച ത്രിദിന മീഡിയ എക്സിബിഷന്-ഫോമെക്സ് മീഡിയ മന്ത്രി ഉദ്ഘാടനം ചെയ്തു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മീഡിയ എക്സിബിഷനായ ഫോമെക്സില് 200 ലേറെ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.
Comments are closed.