ജിദ്ദ : മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുറന്നു. സെക്കന്റിൽ പത്തു ഘനമീറ്റർ ജലം തോതിൽ 46 ദിവസത്തിനുള്ളിൽ ആകെ നാലു കോടി ഘനമീറ്റർ ജലമാണ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുക. വാദി ഹലിക്കു സമീപ പ്രദേശങ്ങളിൽ കൃഷിയിടങ്ങളുടെ ജലസേചന ആവശ്യങ്ങൾക്കും പച്ചപ്പ് വർധിപ്പിക്കാനും വേണ്ടിയാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറുവിടുന്നത്.
അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള താഴ്‌വരയിൽ ജലമൊഴുക്ക് തടയുന്ന പ്രതിബന്ധങ്ങളില്ലെന്ന് ഉറപ്പുവരുത്തിയും താഴ്‌വര പരിശോധിച്ചുമാണ് ഷട്ടറുകൾ തുറന്നത്. 57 മീറ്റർ ഉയരവും അടിഭാഗത്ത് 179 മീറ്ററും മുകൾ ഭാഗത്ത് 384 മീറ്ററും നീളവുമുള്ള വാദി ഹലി അണക്കെട്ടിന്റെ സംഭരണ ശേഷി 25.4 കോടി ഘനമീറ്ററാണെന്ന് ഖുൻഫുദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് മേധാവി എൻജിനീയർ ഹസൻ അൽമുഅയ്ദി പറഞ്ഞു. അണക്കെട്ടിലെ ജലവിതാനത്തിനനുസരിച്ച് വെള്ളം തുറന്നുവിടാൻ നാലു ഷട്ടറുകളാണുള്ളത്. പതിനാലു വർഷം മുമ്പാണ് വാദി ഹലി അണക്കെട്ട് നിർമിച്ചത്.
തെക്കു, പടിഞ്ഞാറൻ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടാണിത്. കുടിവെള്ളം ലഭ്യമാക്കാൻ വേണ്ടിയാണ് ഈ അണക്കെട്ട് നിർമിച്ചത്. മക്ക, ഖുൻഫുദ, ലൈത്ത്, മഹായിൽ അസീർ എന്നിവിടങ്ങളിലെ ജലവിതരണത്തിന് അണക്കെട്ടിൽ ജലശുദ്ധീകരണശാലയും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷം ഘനമീറ്റർ ജലം ശുദ്ധീകരിക്കാൻ ഈ പ്ലാന്റിന് ശേഷിയുണ്ട്.
Comments are closed.