ജിദ്ദ: അജ്ഞാതവും നാശോന്മുഖവുമായ വഖഫ് സ്വത്തുക്കളെ കുറിച്ച് വിവരം നൽകിയവർക്ക് ജനറൽ അതോറിറ്റി ഫോർ ഔഖാഫ് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികമായി വിതരണം ചെയ്തു. അതോറിറ്റി നിർണയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് അജ്ഞാതമായ വഖഫുകളെ കുറിച്ച് വിവരം നൽകിയവർക്കാണ് പാരിതോഷികം വിതരണം ചെയ്തത്.
50 കോടിയിലേറെ റിയാൽ മൂല്യം കണക്കാക്കുന്ന അജ്ഞാത വഖഫുകളെ കുറിച്ചാണ് പൊതുസമൂഹത്തിൽ നിന്ന് അതോറിറ്റിക്ക് വിവരങ്ങൾ ലഭിച്ചത്. ഈ പരാതികളിൽ അന്വേഷണങ്ങൾ നടത്തി വഖഫ് സ്വത്തുക്കളാണെന്ന് സ്ഥിരീകരിക്കാനും അവ സംരക്ഷിക്കാനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമാണ് പരാതികൾ നൽകിയവർക്ക് പാരിതോഷികം വിതരണം ചെയ്തത്.
അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാനും വിവരം നൽകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതോറിറ്റി ഏതാനും നിയമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകാൻ അതോറിറ്റി സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വഖഫ് സ്വത്തിന്റെ മൂല്യത്തിന്റെ അഞ്ചു ശതമാനത്തിൽ കവിയാത്ത തുക, പത്തു ലക്ഷം റിയാലിൽ കവിയാത്ത നിലക്കാണ് അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുന്നത്. അജ്ഞാതവും നാശോന്മുഖവുമായ വഖഫുകളെ കുറിച്ച പരാതികൾ സ്വീകരിക്കാൻ വ്യവസ്ഥകൾ പൂർണമായിരിക്കണം. പരാതികൾ വെബ്‌സൈറ്റ് വഴി നൽകിയിരിക്കണമെന്നതാണ് വ്യവസ്ഥകളിൽ ഒന്ന്. വിവരം നൽകുന്ന അജ്ഞാത വഖഫ് സ്വത്ത് നോക്കിനടത്തുന്ന ആളുണ്ടായിരിക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്. പരാതിക്കൊപ്പം വഖഫ് സ്വത്താണെന്ന് സ്ഥിരീകരിക്കുന്ന രേഖകളോ തെളിവുകളോ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
Comments are closed.