പശ്ചിമേഷ്യൻ മേഖലയുടെ സുസ്ഥിരതക്ക് റഷ്യയോടൊപ്പം പ്രവർത്തിക്കും -സൗദി കിരീടാവകാശി

റിയാദ്: പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത
കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിന് ബുധനാഴ്ച വൈകീട്ട് സൗദിയിലെത്തിയ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സ്വീകരിക്കവേയാണ് രാജ്യത്തിന്റെ നിലപാട് കിരീടാവകാശി വ്യക്തമാക്കിയത്. ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ രാജ്യവും റഷ്യയും വിജയകരമായി സഹകരിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തു. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ പുടിൻ ക്ഷണിച്ചു. രാഷ് ടീയം, സാമ്പത്തികം, മാനവവിഭവശേഷി എന്നീ തലങ്ങളിൽ സൗദി അറേബ്യയുമായി തങ്ങൾക്ക് സുസ്ഥിരവും നല്ലതുമായ ബന്ധമുണ്ടെന്ന് പുടിൻ പറഞ്ഞു.കഴിഞ്ഞ ഏഴ് വർഷമായി റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അഭൂതപൂർവമായ തലത്തിൽ എത്തിയിട്ടുണ്ട് .അടുത്ത കൂടിക്കാഴ്ച മോസ്കോയിൽ നടക്കണം. നമ്മുടെ സൗഹൃദ ബന്ധങ്ങളുടെ വികാസത്തെ തടയാൻ യാതൊന്നിനും കഴിയില്ലെന്നും പുടിൻ പറഞ്ഞു.

യു.എ.ഇയിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷമാണ് റഷ്യൻ പ്രസിഡൻറ് സൗദിയിലെത്തിയത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ് ദുൽ അസീസ് ബിൻ അയ്യാഫ്, റഷ്യയിലെ സൗദി അംബാസഡർ അബ്‌ദുറഹ്മാൻ ബിൻ സുലൈമാൻ അൽഅഹമ്മദ്, സൗദിയിലെ റഷ്യൻ അംബാസഡർ സെർജി കൊസോലോവ് എന്നിവർ ചേർന്നു സ്വീകരിച്ചു.

Comments are closed.