അതിശയ ഗോളുകളുമായി റൊണാൾഡോ; അൽനസ്റിന് മിന്നും ജയം

റിയാദ്: റോഷൻ സൗദി ലീഗിൽ അതിശയിപ്പിക്കുന്ന ഇരട്ട ഗോളുകളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നിത്തിളങ്ങിയ മത്സരത്തിൽ അൽനസ്റിന് ഉജ്വല ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അൽ അഖ്ദൂദിനെയാണ് പരാജയപ്പെടുത്തിയത്.

13-ാം മിനിറ്റിൽ സാമി അൽ നാജിയാണ് അൽ നസ്റിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് അൽ അഖ്ദൂദ് എതിരാളികളെ ഗോളടിക്കാൻ വിടാതെ ഏറെനേരം പിടിച്ചുകെട്ടി. എന്നാൽ, കളിയുടെ അവസാന ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൂപ്പർ ഫിനിഷുകളിൽ അവരുടെ എല്ലാ ആയുധങ്ങളും നിഷ്ഫലമാകുകയായിരുന്നു. 77-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽനിന്ന് ആദ്യ ഗോൾ പിറന്നത്. വളഞ്ഞുനിന്ന മൂന്ന് പ്രതിരോധ നിരക്കാരെയും ഗോൾകീപ്പറെയും കബളിപ്പിച്ച് അസാധ്യ ആംഗിളിൽനിന്നുള്ള പൊള്ളുന്ന ഷോട്ട് വലയിൽ കുതിച്ചുകയറുകയായിരുന്നു. മൂന്ന് മിനിറ്റിനകം താരത്തിൻ്റെ രണ്ടാം ഗോളും എത്തി. ഗോൾ തടയാൻ ഓടിയെത്തിയ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് തട്ടിയിട്ട് 40 വാര അകലെനിന്നായിരുന്നു രണ്ടാം ഗോൾ. തടയാൻ ഗോൾ ലൈനിൽ ഓടിയെത്തിയ എതിർതാരവും നിസ്സഹായനായി.ലീഗിൽ റൊണാൾഡോ തകർപ്പൻ ഫോം തുടരുകയാണ്. 13 മത്സരങ്ങളിൽ 15 ഗോളാണ് ഇതുവരെ നേടിയത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ പെർസെപോലിസിനെതിരെയാണ് അൽ നസ്റിന്റെ അടുത്ത പോരാട്ടം. ലീഗിൽ ഡിസംബർ ഒന്നിന് ബദ്ധവൈരികളായ അൽ ഹിലാലുമായി ഏറ്റുമുട്ടും.

Comments are closed.