ഊർജമേഖലയിൽ 75 ശതമാനം തൊഴിലുകളും സൗദിവത്കരിക്കും-മന്ത്രി

റിയാദ് :രാജ്യത്തെ 75 ശതമാനം തൊഴിലുകളും പ്രാദേശികവത്കരിക്കാൻ ഊർജമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അരലക്ഷം പുതിയ തൊഴിലവസരങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലകളിലെ വിടവുകൾ നികത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശ്രമിക്കുകയാണ്.

റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ബുധനാഴ്ച ആരംഭിച്ച ‘ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സ്ത്രീകൾ വഹിക്കുന്ന മഹത്തായ പങ്ക് അവഗണിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യം ഇപ്പോൾ സ്വയം കണ്ടെത്തലിന്റെയും സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിക്കായി ഊർജത്തിന്റെ കണ്ടെത്തലിന്റെയും യാത്ര ആരംഭിച്ചിട്ടുണ്ട്.

പൂർണവും അടിസ്ഥാനപരവുമായ ശ്രദ്ധയില്ലാതെ പുരോഗതിയോ വികസനമോ ഉണ്ടാകില്ലെന്ന് ഊർജ മന്ത്രി സൂചിപ്പിച്ചു. എല്ലാ രാജ്യങ്ങളും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് മാനവ വിഭവശേഷി വികസനത്തെയാണ് ആശ്രയിക്കുന്നത്.

യുവാക്കളെ ആകർഷിക്കുന്നതിലും ഗവേഷണം നടത്തുന്നതിനും അവരുടെ കണ്ടെത്തലുകൾ വികസിപ്പിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഊർജ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. കോൺഫറൻസിന്റെ ഭാഗമായി ഊർജ്ജം, കാലാവസ്ഥ, സുസ്ഥിരത എന്നീ മേഖലകളെ ലക്ഷ്യം വെച്ചുകൊണ്ട് ബിരുദ പഠനത്തിനായി സൗദി ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പെട്രോളിയം സർവീസസ് എന്ന കോളേജ് ആരംഭിച്ചു.

Comments are closed.