നഗരസഭ പരിശോധനക്കിടെ തൊഴിലാളിയില്ലെങ്കിൽ സ്ഥാപനത്തിന് പിഴ

ജിദ്ദ – നഗരസഭാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനക്കിടെ തൊഴിലാളികൾ ഓടിരക്ഷപ്പെട്ടാൽ സ്ഥാപനങ്ങൾക്ക് 200 മുതൽ 1000 റിയാൽ വരെ പിഴ ലഭിക്കും.
മക്ക നഗരസഭ കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കിത്തുടങ്ങിയ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച വ്യക്തികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴകളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരസഭ ലൈസൻസ് നേടാതെ പ്രവർത്തനം തുടങ്ങുന്നതിന് 10,000 മുതൽ 50,000 റിയാൽ വരെയും ലൈസൻസിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കുന്നതിന് 1000 മുതൽ 5000 റിയാൽ വരെയും ലൈസൻസിൽ ഉൾപ്പെടുത്താത്ത പ്രവർത്തന മേഖല ഉൾപ്പെടുത്തുന്നതിന് 600 മുതൽ 3000 റിയാൽ വരെയും സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കും.നിരോധിത സ്ഥലങ്ങളിൽ തൊഴിലാളികൾ പുകവലിക്കുന്നതിന് എല്ലാ വിഭാഗത്തിൽപെട്ട നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 200 റിയാലാണ് പിഴ. രോഗലക്ഷണങ്ങളുള്ള തൊഴിലാളികളും മുറിവുകളുള്ള തൊഴിലാളികളും ചർമത്തിൽ കുമിളകളുള്ള തൊഴിലാളികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ 2000 റിയാൽ, 1600 റിയാൽ, 1200 റിയാൽ, 800 റിയാൽ, 400 റിയാൽ എന്നിങ്ങനെ നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുന്നു. ജോലിക്കിടെ മൂക്ക് സ്പർശിക്കുക, വായിൽ വിരലിടുക, തുപ്പുക തുടങ്ങിയ തെറ്റായ ആരോഗ്യ ശീലങ്ങൾ തൊഴിലാളികൾ കാണിച്ചാൽ 400 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തും. ഇത്തരം നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും ഇരട്ടി തുക പിഴ ചുമത്തും.

കുപ്പത്തൊട്ടികളോ, കുപ്പത്തൊട്ടികൾക്കു ചുറ്റും സ്ഥാപിച്ച വേലികൾ, തറ എന്നിവയോ കേടുവരുത്തിയാൽ ആയിരം റിയാൽ പിഴ ചുമത്തും. പിഴക്കു പുറമെ കേടുപാടുകളും നാശനഷ്ടങ്ങളും നന്നാക്കാനാകുന്ന ചെലവും നിയമ ലംഘകരിൽ നിന്ന് ഈടാക്കും.
കുപ്പത്തൊട്ടികളുടെ സ്ഥാനം മാറ്റൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത ആവശ്യങ്ങൾക്ക് കുപ്പത്തൊട്ടികൾ ഉപയോഗിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 500 റിയാലാണ് പിഴ. നിയമ
ലംഘനം മൂലമുള്ള കേടുപാടുകൾ നന്നാക്കാൻ
നഷ്ടപരിഹാരവും ഈടാക്കും. ഭിത്തികളിലും
മതിലുകളിലും മറ്റും എഴുതുന്നതിന് 100 റിയാൽ പിഴ ചുമത്തും. ഏതു നിയമ ലംഘനങ്ങളും
ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും.സേവന നിലവാരം ഉയർത്താനും
ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും നഗരസൗന്ദര്യം മോശമാക്കാതിരിക്കാനുമാണ് പൊതുശുചീകരണ നിയമാവലിയിൽ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ വ്യക്തമാക്കി.സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴകൾ നാലു മാസം മുമ്പ് മുനിസിപ്പൽ, ഗ്രാമ,പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കിത്തുടങ്ങിയിരുന്നു. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ചാണ് പിഴകൾ നിർണയിച്ചിരിക്കുന്നത്. റെസ്റ്റോറന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട
സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം
വ്യക്തിശുചിത്വത്തിന് 200 മുതൽ 1000 റിയാൽ
വരെയാണ് പിഴ ചുമത്തുന്നത്. കൈയുറകൾ
ധരിക്കാത്തതിനും തലമുടി മറക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും യൂനിഫോം ധരിക്കാത്തതിനുംജോലിയുടെ സ്വഭാവമനുസരിച്ച് വാച്ചുകളും കൈകളിൽ ആഭരണങ്ങളും ധരിക്കാൻ പാടില്ലാത്തവർ ജോലിക്കിടെ ഇവ ധരിക്കുന്നതിനും ഇതേ തുകയാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത്. സ്ഥാപനത്തിനുള്ളിൽ കിടന്നുറങ്ങൽ, ജോലിക്കിടെ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കൽ, തൊഴിലാളികളുടെ വ്യക്തിപരമായ വസ്തുക്കൾ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും.

Comments are closed.