നിശ്ചിത നിബന്ധനകൾ ബാധകം, മക്ക, മദീന ഹറമുകളിൽ വെച്ച് നികാഹ് നടത്താം; 

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളിൽ വിവാഹ കരാറുകൾ നടത്താൻ സൗദി അധികൃതർ അനുവാദം നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ നിക്കാഹ് നടത്തുന്നതിന് നിശ്ചിത നിബന്ധനകൾ ബാധകമാണ്. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കണം.

ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി പള്ളികളിൽ ആരാധനക്കെത്തുന്നവർക്ക് ശല്യമുണ്ടാക്കരുത്. കാപ്പി, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ ആവശ്യത്തിലധികം കൊണ്ടുവരുന്നത് ഒഴിവാക്കണം. പള്ളിയിൽ വെച്ച് നികാഹ് കർമം നടത്തുന്നത് പ്രവാചകെൻറ കാലം മുതൽ തന്നെ പതിവുള്ളതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മുസായദ് അൽ ജബ്രി പറഞ്ഞു. പ്രവാചകെൻറ പള്ളിയിൽ വിവാഹ കരാർ നടത്തുന്നത് മദീന നിവാസികൾക്കിടയിൽ ഇതിനകം സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല കാരണങ്ങളാലാണ് ഇങ്ങനെ ചെയ്യുന്നത്. വിവാഹിതരാകുന്ന ദമ്പതികളുടെ മിക്ക ബന്ധുക്കളെയും ക്ഷണിക്കേണ്ടതുണ്ടാവും. പലപ്പോഴും വധുവിെൻറ വീട്ടിൽ എല്ലാ ക്ഷണിതാക്കളെയും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ, വിവാഹ കരാർ നടക്കുന്നത് പ്രവാചകെൻറ പള്ളിയിലോ മസ്ജിദു ഖുബായിലോ ഒക്കെ വെച്ചായിരുന്നുവെന്നും മുസായദ് അൽ ജബ്രി കൂട്ടിച്ചേർത്തു.

Comments are closed.