റിയാദ്: കിംഗ് സല്മാന് പാര്‍ക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന റിയാദ് സുലൈമാനിയയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറന്നതായി പാര്‍ക്ക് ഫൗണ്ടേഷന് അറിയിച്ചു. 1590 മീറ്റര്‍ പുതിയ ടണലും 840 മീറ്റര്‍ പഴയ ടണലും ഉള്‍പ്പെടെ 2430 മീറ്റര്‍ നീളമുള്ള ഈ തുരങ്കപാത മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാതയാണ്. നാളെ വ്യാഴാഴ്ച ഈ പാത ഗതാഗതത്തിന് തുറന്ന് കൊടുക്കും.
റിയാദ് നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ഉപകാരപ്പെടുന്ന പദ്ധതിയിലെ ആദ്യ ടണലാണിതെന്ന് ഫൗണ്ടേഷന് പറഞ്ഞു. പഴയ ടണലുകളെ പുതിയതുമായി ബന്ധിപ്പിച്ച് കിംഗ് സല്മാന് പാര്‍ക്കിന്റെ തെക്ക് വടക്ക് ഭാഗങ്ങളെ ഇത് പരസ്പരം ബന്ധിപ്പിക്കും. 2021 ആദ്യപാദത്തിലാണ് ഈ ടണലിന്റെ പ്രവൃത്തി തുടങ്ങിയത്. 2019 മാര്‍ച്ച് 19ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഉദ്ഘാടനം ചെയ്ത പാര്‍ക്ക് പദ്ധതികളുടെ ഭാഗമാണിത്.
സല്‍മാനിയ വാസ്തുവിദ്യ ശൈലിയില്‍ റിയാദ് നഗരത്തിന്റെ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിച്ച് ഏറെ ആകര്‍ഷകമായാണ് തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓരോ ദിശയിലും മൂന്നു ട്രാക്കുകളും ഒരു എമര്‍ജന്‍സി ട്രാക്കുമുണ്ട്. നൂതന ട്രാഫിക്, സുരക്ഷ മാനേജ്മെന്റ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
റിയാദ് ബസ്, മെട്രോ ടെയിന്‍ എന്നിവയുമായി ബന്ധിപ്പിച്ച് റിയാദ് നഗരത്തിന്റെ മധ്യത്തില്‍ 16 ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയിലാണ് കിംഗ് സല്മാന് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളില്‍ ഒന്നായി റിയാദ് മാറും.
Comments are closed.