മക്ക: ചരിത്രപ്രസിദ്ധമായ മക്കയിലെ കുടിനീര് വിതരണ പദ്ധതിയായ ‘ഐൻ സുബൈദ’ ശുദ്ധജല കനാൽ പ്രദേശത്ത് സാംസ്കാരിക കേന്ദ്രം തുറന്ന് മക്ക റോയൽ കമീഷൻ. പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം അതോറിറ്റി, സാംസ്കാരിക മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ ഔഖാഫ്, ഹെറിറ്റേജ് കമീഷൻ, കിദാന ഡെവലപ്മെൻറ് കമ്പനി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കേന്ദ്രം സജ്ജീകരിച്ചത്. പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ കുടിനീര് പദ്ധതിയായ ഐൻ സുബൈദ ശുദ്ധജല കനാലിന്റെ ചരിത്രവഴികൾ വിശദീകരിക്കാൻ പുതിയ കേന്ദ്രം സഹായകമാകും.
പ്രദേശത്ത് 1.2 കിലോമീറ്റർ മലകയറ്റ അനുഭവവും ആറ് സാംസ്കാരിക, വിനോദ മേഖലകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസവും ഐൻ സുബൈദ സന്ദർശകർക്കായി തുറക്കുമെന്നും ഫെബ്രുവരി 28 വരെ ഇത് തുടരുമെന്നും മക്ക റോയൽ കമീഷൻ അധികൃതർ അറിയിച്ചു.
അബ്ബാസിയ ഖലീഫ മൻസൂറിന്റെ പുത്രൻജൗഹറിന്റെ മകളായിരുന്നു സുബൈദ ബിൻത് ജൗഹർ. ഇസ്ലാമിക ചരിത്രത്തിൽ പ്രശസ്തനായ ഭരണാധികാരി ഹാറൂൺ അൽ റഷീദിെൻറ പ്രിയ പത്നിയായിരുന്നു ഇവർ. ഹിജ്റ വർഷം 148ൽ ആണ് സുബൈദ ജനിച്ചത്. മക്ക, മിന, അറഫ എന്നിവിടങ്ങളിൽ ശുദ്ധജലക്ഷാമം അനുഭവിച്ചിരുന്ന ഹാജിമാർക്ക് ഒരു കുപ്പി വെള്ളത്തിന് ഒരു ദീനാർ വരെ കൊടുക്കേണ്ടി വന്നിരുന്ന കാലത്ത് ഹാജിമാരുടെ പ്രയാസം മനസ്സിലാക്കിയ സുബൈദ അന്നത്തെ പ്രഗല്ഭരായ എൻജിനീയർമാരെ വിളിച്ചു കൂട്ടി. മക്കയിൽ എല്ലായിടത്തും കുടിവെള്ളമെത്തിക്കാൻ പര്യാപ്തമായ പദ്ധതിയെ കുറിച്ച് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. 10 വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായി ശുദ്ധജലം ഒഴുകുന്ന കനാൽ അറഫയിലെ ജബലുർറഹ്മ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലെത്തി. ഈ കനാലിന്റെ പ്രവർത്തനത്തിനും സംരക്ഷണത്തിനുമായി 500 തൊഴിലാളികളെ ശമ്പളം കൊടുത്ത് നിയമിച്ചിരുന്നു.
കനാൽ കടന്നുപോകുന്ന മക്കയിലെ ഹുനൈന്‍ താഴ്വരയും ജലലഭ്യമായ സമീപസ്ഥലങ്ങളും സുബൈദ പണം കൊടുത്ത് വാങ്ങിച്ചു. അത്യുഷ്ണത്തില്‍ പാറക്കെട്ടുകളില്‍ ജോലി ചെയ്യുക വെല്ലുവിളി തന്നെയായിരുന്നു. പാറകളില്‍ കൊത്തുന്ന ഓരോ കൊത്തിനും ഒരു ദീനാര്‍ വീതം (3.9 ഗ്രാം സ്വര്‍ണം) പ്രതിഫലം നല്‍കുമെന്ന് സുബൈദ പ്രഖ്യാപിച്ചതും ഈചരിത്ര കനാലിന്റെ പൂർത്തീകരണത്തിന് വഴിവെച്ചു. ആയിരത്തിൽപരം വർഷങ്ങൾ അനേകം ഹാജിമാർക്കും പരിസരവാസികൾക്കും ശുദ്ധജലം നൽകിയിരുന്ന കനാലിെൻറ ഭാഗങ്ങൾ തനിമയോടെ മക്കയിൽ ഇന്നും കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നു.
ഐൻ സുബൈദയുടെ പുനരുദ്ധാരണത്തിന് സൗദി ഭരണകൂടം പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇവിടെ സാംസ്കാരികകേന്ദ്രം നിലവിൽ വന്നതോടെ സന്ദർശകർക്കും ചരിത്രവിദ്യാർഥികൾക്കും അത് ഏറെ ഉപകരിക്കുമെന്ന് വിലയിരുത്തുന്നു.
Comments are closed.