മക്ക: തീർഥാടകർ കൂടുതൽ എത്തിയതോടെ മക്കയിലും മദീനയിലും ഹോട്ടലുകൾ, അപ്പാർട്മെൻറുകൾ ഉൾപ്പെടെ താമസകേന്ദ്രങ്ങളിൽ ടൂറിസം വകുപ്പിന്റെ കർശന പരിശോധന. ‘ഞങ്ങളുടെ അതിഥികൾ മുൻഗണനയിലാണ്’ എന്ന കാമ്പയിന്റെ ഭാഗമായി മക്കയിലും മദീനയിലുമുള്ള താമസകേന്ദ്രങ്ങളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്.
ടൂറിസം സംവിധാനങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണിത്. മക്കയിൽ താമസകേന്ദ്രങ്ങളിൽ 3500ലധികം നിരീക്ഷണം നടത്തുകയും 1650ലധികം നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തതായാണ് കണക്ക്.
ലൈസൻസ് നേടുന്നതിന് മുമ്പ് പ്രവർത്തനം ആരംഭിച്ച 298 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മദീനയിൽ 2200-ലധികം പരിശോധനകൾ നടത്തി. 1000ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് പ്രവർത്തിച്ച 59 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
തീർഥാടകർക്ക് താമസസൗകര്യം നൽകുന്ന സ്ഥാപനങ്ങൾ ആവശ്യമായ ലൈസൻസുകൾ നേടേണ്ടതുണ്ടെന്ന് ടൂറിസം മന്ത്രാലയം പറഞ്ഞു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 10 ലക്ഷം റിയാൽ വരെ പിഴയോ സ്ഥാപനം അടച്ചുപൂട്ടലോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Comments are closed.