മദീന: പ്രവാചക നഗരിയിൽ വാഹന ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമുള്ള പദ്ധതികളുടെ ഭാഗമായി മദീന നഗരസഭ പുതിയ അടിപ്പാതയും മേൽപാലവും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഖാലിദ് ബിൻ അൽവലീദ് റോഡും കിംഗ് അബ്ദുല്ല റോഡും (സെക്കന്റ് റിംഗ് റോഡ്) സന്ധിക്കുന്ന ഇന്റർസെക്ഷനിലെ മേൽപാലവും ഖാലിദ് ബിൻ അൽവലീദ് റോഡും സുൽത്താന റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാതയുമാണ് ഉദ്ഘാടനം ചെയ്തത്.
ഖാലിദ് ബിൻ അൽവലീദ് റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ ഖാലിദ് ബിൻ അൽവലീദ് റോഡിനു മുകളിൽ നിർമിച്ച പുതിയ മേൽപാലത്തിന് 202 മീറ്റർ നീളമുണ്ട്.
മേൽപാലത്തിൽ ഓരോ ദിശയിലേക്കുമുള്ള റോഡുകൾക്ക് എട്ടു മീറ്റർ വീതിയുണ്ട്. ഓരോ റോഡിലും മൂന്നര മീറ്റർ വീതിയുള്ള രണ്ടു പ്രധാന ട്രാക്കുകളുമുണ്ട്.
പാലത്തിനു താഴെ റൗണ്ട് എബൗട്ടുമുണ്ട്. ഖിബ്‌ലത്തൈൻ മസ്ജിദ്, അൽഖന്ദഖ് മസ്ജിദ്, അൽഫതഹ് ഡിസ്ട്രിക്ട്, ഖിബ് ലത്തൈൻ ഡിസ്ട്രിക്ട്, കിംഗ് ഫഹദ് ആശുപത്രി, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള നഗരവാസികളുടെയും സന്ദർശകരുടെയും യാത്ര പുതിയ മേൽപാലം എളുപ്പമാക്കും.
കിംഗ് അബ്ദുല്ല റോഡ്, അൽഖന്ദഖ് മസ്ജിദ്, ഖിബ്‌ലത്തൈൻ മസ്ജിദ്, അൽഫഹദ് ഡിസ്ട്രിക്ട്, ഖിബ്‌ലത്തൈൻ ഡിസ്ട്രിക്ട്, സുൽത്താന ഡിസ്ട്രിക്ട്, കിംഗ് ഫഹദ് ആശുപത്രി, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്ര ഖാലിദ് ബിൻ അൽവലീദ് റോഡിലെ അടിപ്പാത സുഗമമാക്കും.
ഓരോ ദിശയിലും അടിപ്പാതക്ക് 12.25 മീറ്റർ വീതിയുണ്ട്. മൂന്നര മീറ്റർ വീതം വീതിയുള്ള മൂന്നു പ്രധാന ട്രാക്കുകൾ അടിപ്പാതയിൽ ഓരോ ദിശയിലേക്കുമുള്ള റോഡുകളിലുണ്ട്.
Comments are closed.