മദീന: മദീനയിലെ പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലേക്ക്. മദീന മസ്ജിദ് ഏജൻസിയും ബന്ധപ്പെട്ട അധികാരികളും ചേർന്നാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പുതിയ പരിഷ്‌കരണം. റൗദ ഷെരീഫിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർ ഓട്ടോമേറ്റഡ് ഗേറ്റുകളിൽ ബാർകോഡ് സ്‌കാൻ ചെയ്യണമെന്നതാണ് ഇതിലെ പ്രധാനപ്പെട്ടത്.
സന്ദർശകർ നുസുക് പ്ലാറ്റ്‌ഫോമിലൂടെ റൗദ സന്ദർശനത്തിന് ബുക്ക് ചെയ്യുന്നതിലൂടെ പ്രക്രിയ ആരംഭിക്കും. ഒന്നിലധികം ഭാഷകളിൽ അപേക്ഷ നൽകാമെന്ന പ്രത്യേകതയുണ്ട്. ആപ്ലിക്കേഷൻ വഴി റിസർവേഷൻ ലഭിക്കുന്നവർക്ക് ഇത് സ്ഥിരീകരിക്കുന്നതിനുള്ള സന്ദേശം ലഭിക്കും. ഷെഡ്യൂൾ ചെയ്ത സന്ദർശനത്തിന് 24 മണിക്കൂർ മുമ്പ് സന്ദർശനം ഓർമ്മപ്പെടുത്തുന്ന സന്ദേശം നുസ്‌ക് പ്ലാറ്റ്‌ഫോം അപേക്ഷകന് അയക്കും. സന്ദർശനം സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ഈ സമയത്തും സൗകര്യമുണ്ട്. സന്ദർശനം സ്ഥിരീകരിക്കുന്നതോടെ ഒരു ബാർകോഡ് ഫോണിൽ ലഭ്യമാകും. ഏതു സമയത്തേക്കാണോ സന്ദർശനം ലഭിച്ചത് ആ സമയത്ത് മാത്രമേ ബാർകോഡ് ഉപയോഗിക്കാനാകൂ.
പ്രവാചക മസ്ജിദിന്റെ മുറ്റത്ത് എത്തുമ്പോൾ, സന്ദർശകരെ ഗൈഡൻസ് സ്‌ക്രീനുകളിലൂടെ നിയുക്ത പ്രവേശന കവാടങ്ങളിലേക്ക് ബന്ധപ്പെട്ട ജീവനക്കാർ നയിക്കും. പരിശീലനം ലഭിച്ച ജീവനക്കാർ സന്ദർശകരെ സ്വീകരിക്കുകയും സഹായം നൽകുകയും ചെയ്യും. റൗദ ഷെരീഫിൽ എത്തുന്നതിനുമുമ്പ്, സന്ദർശകർ ഓട്ടോമേറ്റഡ് ഗേറ്റുകളിൽ ബാർകോഡ് സ്‌കാൻ ചെയ്യണം. തുടർന്ന് സന്ദർശകർ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകണം. തുടർന്ന് പ്രവേശനത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കുന്ന സ്ഥലത്ത് എത്തുകയും വേണം. പെർമിറ്റ് ആക്ടീവ് ആയവരെ ഒരു സ്ഥലത്തേക്കും ആക്ടീവ് അല്ലാത്തവരെ മറ്റൊരിടത്തേക്കും മാറ്റും. ഇവരുടെ പെർമിറ്റും ആക്ടീവ് ആകുന്നതിന് അനുസരിച്ച് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റും.
നൂതന ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്മാർട്ട് ക്യാമറകളും സെൻസറുകളും പ്രവർത്തിപ്പിക്കുക. എൻട്രി, എക്‌സിറ്റ് ചലനങ്ങൾ നിരീക്ഷിക്കൽ, ഇന്ററാക്ടീവ് തെർമൽ, ജിയോഗ്രാഫിക്കൽ മാപ്പുകൾ വഴി സന്ദർശകരുടെ നമ്പറുകളെക്കുറിച്ചുള്ള ഡാറ്റ അതാത് സമയത്ത് കൈമാറും. ഇത് ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള ഏകോപനം ഉറപ്പാക്കും. തിരക്ക് കൂടുതലുള്ള സാഹചര്യത്തിൽ പെട്ടെന്ന് പ്രതികരിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായ റിപ്പോർട്ടുകൾ നൽകുകയും ചെയ്യും.
Comments are closed.