മദീന : മദീനയിലെ പ്രവാചക പള്ളിയിൽ റൗദ ശരീഫിൽ (പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുതിയ ക്രമീകരണം. റൗദ ശരീഫിലെത്തുന്ന വിശ്വാസികളുടെ പ്രവേശനവും കർമ്മങ്ങളും എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
മദീനയിലെ റൗദ ശരീഫിലേക്കുള്ള പ്രവേശനം അടുത്തിടെയാണ് വർഷത്തിൽ ഒരു തവണമാത്രമാക്കി നിയന്ത്രിച്ചത്. അതിന് പിറകെയാണ് ഇപ്പോൾ റൗദ ശരീഫിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുവാനുള്ള തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് നുസുക് പ്ലാറ്റ് ഫോം വഴി പെർമിറ്റ് ലഭിച്ചവരോട് അനുവദിച്ചിരിക്കുന്ന സമയത്തിന്‍റെ 24 മണിക്കൂർ മുമ്പ് വീണ്ടും സന്ദർശനം സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ആവശ്യപ്പെടും. സന്ദർശകർ മസ്ജിദു നബവിയുടെ മുറ്റത്തെത്തുമ്പോൾ തന്നെ പ്രവേശന കവാടത്തിലേക്കുള്ള വഴി കാണിക്കുന്ന സ്ക്രീനുകൾ തെളിയും.
കൂടാതെ സ്വീകരിക്കാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകാനും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമുണ്ടാകും. തുടർന്ന് സന്ദർശകർ സ്വയം പ്രവർത്തിക്കുന്ന ഗേറ്റുകളിലെത്തി പെർമിറ്റിലെ ക്യൂ-ആർ കോഡ് സ്‌കാൻ ചെയ്‌ത ശേഷം കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പ്രവേശിക്കണം. അനുവദിച്ചിരിക്കുന്ന സമയത്തിന് മുമ്പോ ശേഷമോ എത്തുന്നവർക്ക് ഈ ഗേറ്റിൽ നിന്ന് പ്രത്യേക വഴിയിലൂടെ പുറത്തേക്ക് പോകണ്ടിവരും. അറിയിപ്പ് ലഭിക്കുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും പ്രത്യേക പാതയിലൂടെ വിശ്വാസികൾക്ക് റൗദാ ശരീഫിലേക്ക് നീങ്ങാം. സന്ദർശന സമയം അവസാനിക്കുമ്പോഴും അറിയിപ്പ് ലഭിക്കുകയും പുറത്തേക്കുള്ള വഴിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും. സ്‌മാർട്ട് ക്യാമറകളുടടെയും സെൻസറുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന ഡിജിറ്റൽ സംവിധാനങ്ങൾക്കനുസരിച്ചാണ് പുതിയ ക്രമീകരണങ്ങൾ പ്രവർത്തിക്കുക.
Comments are closed.