അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും കു​റ​യു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം റോ​ഡ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് 296 പേ​ർ. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 2023ൽ ​ഒ​മ്പ​ത് ദ​ശ​ല​ക്ഷ​ത്തി​ൽ എ​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വേ​ഗ​ പ​രി​ധി ക​വി​ഞ്ഞ​തി​ന് നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ൾ, ചു​വ​ന്ന ലൈ​റ്റ് മ​റി​ക​ട​ക്കു​ന്ന​തി​ന് 850,000, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് 300,000, ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് 185,000 എ​ന്നി​ങ്ങ​നെ കേ​സു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ന​വാ​ഫ് അ​ൽ ഹ​യാ​ൻ പ​റ​ഞ്ഞു. ‘ഫോ​ണി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ മാ​ർ​ച്ച് മൂ​ന്നു മു​ത​ൽ 10 വ​രെ ഏ​കീ​കൃ​ത ഗ​ൾ​ഫ് ട്രാ​ഫി​ക് വീ​ക്ക് ന​ട​ത്തു​മെ​ന്നും അ​ൽ ഹ​യാ​ൻ പ​റ​ഞ്ഞു. ഗ​താ​ഗ​ത അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണി​ൽ സം​സാ​രി​ക്കു​ക, റെ​ഡ് സി​ഗ്ന​ൽ ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത വേ​ഗ​ത്തിൽ പോ​കു​ക എ​ന്നി​വ​യാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന​കാ​ര​ണം. അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് രാ​ജ്യ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും കു​റ​യു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2022ൽ ​രാ​ജ്യ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 322 പേ​ർ മ​രി​ച്ചി​രു​ന്നു. 2022ൽ ​രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4,237,454 ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളാ​ണ്. 2021ൽ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 323 ആ​ണ്. 2020ൽ 352 ​പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. 2019ൽ 365, 2018​ൽ 401, 2017ൽ 424, 2016​ൽ 429 എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം.

ജ​ന​സം​ഖ്യ​യും വാ​ഹ​ന​​ങ്ങ​ളും വ​ർ​ധി​ച്ചി​ട്ടും മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞു​വ​രു​ന്ന​ത്​ ശു​ഭ​സൂ​ച​ന ആ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. നി​യ​മ​ ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ശി​ക്ഷ ക​ടു​പ്പി​ച്ച​തും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ​ലം ചെ​യ്​​ത​താ​യാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ൾ സ​ഥാ​പി​ച്ച​തും ഗു​ണം ചെ​യ്തു.

Comments are closed.