റിയാദ് : ഇസ്രായിൽ-ഹമാസ് യുദ്ധത്തിൽ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയ ഗാസ മുനമ്പിലെ തെക്കൻ നഗരമായ റഫയ്ക്ക് നേരെ ഇസ്രായിൽ ആക്രമണം നടത്തിയാൽ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
ക്രൂരമായ ഇസ്രായിൽ ആക്രമണത്തിൽ പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് സിവിലിയൻമാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും ഇതിനെ ശക്തമായി എതിർക്കുമെന്നുമുള്ള സൗദിയുടെ ദൃഢനിശ്ചയം വിദേശകാര്യമന്ത്രാലയ ആവർത്തിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനങ്ങളാണ് നടക്കുന്നത്. ആസന്നമായ ഒരു മാനുഷിക ദുരന്തം ഉണ്ടാക്കുന്നതിൽ നിന്ന് ഇസ്രായിലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉടൻ യോഗം ചേരണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളിൽ പകുതിയും ഇപ്പോൾ റഫാ നഗരത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്. പലരും പുറത്ത് ടെന്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലും ഉറങ്ങുന്നു, ഭക്ഷണം, വെള്ളം, ശുചിത്വം എന്നിവയുടെ അഭാവത്തെക്കുറിച്ച് അവർ ആശങ്കാകുലരാണ്.
Comments are closed.