ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്ര നിയന്ത്രിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്- ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക്
അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ യാത്ര
ചെയ്യരുതെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആവശ്യപ്പെട്ടു. പകർച്ച വ്യാധി വ്യാപനവും ആരോഗ്യസേവന നിലവാര കുറവും കണക്കിലെടുത്താണ് യാത്രാ മുന്നറിയിപ്പ് നൽകുന്നതെന്ന് അതോറിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ തായ്‌ലൻഡ്, സാൽവഡോർ, ഹോണ്ടുറാസ്, നേപ്പാൾ, മൊസാംബിക്, ദക്ഷിണ സുഡാൻ, സിറിയ, ഉഗാണ്ട, കോംഗോ, സിയറ ലിയോൺ, എത്യോപ്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമാല, ഛാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. കോളറ, ഡെങ്കിപ്പനി, നിപാ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി, പോളിയോ, മലേറിയ, കോവിഡ് 19, ക്ഷയം, ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക ഫീവർ, ലീഷ്മാനിയാസിസ് എന്നിവ ഈ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് പോകുന്നതിന് യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. കോളറ, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനമുള്ളതിനാൽ സിംബാബ്‌വെ റെഡ് അലർട്ട് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കാതിരിക്കുക, ഭക്ഷണ പാത്രങ്ങളും കപ്പുകളും ഷെയർ ചെയ്യാതിരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, കൂടുതൽ ദിവസങ്ങൾ താമസിക്കാതിരിക്കുക എന്നീ കാര്യങ്ങൾ ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Comments are closed.