ജിദ്ദ : വിശുദ്ധ റമദാനില്‍ മസ്ജിദുകളോട് ചേര്‍ന്ന് ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് ഒരിക്കലും സംഭാവനകള്‍ ശേഖരിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. വൃത്തി കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ച്, മസ്ജിദുകള്‍ക്കകത്ത് ഇഫ്താര്‍ വിതരണം ചെയ്യാന്‍ പാടില്ല. മസ്ജിദുകളുടെ മുറ്റത്ത് അനുയോജ്യമായ സ്ഥലത്താണ് ഇഫ്താര്‍ വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ വിതരണ ലക്ഷ്യത്തോടെ മസ്ജിദുകളുടെ മുറ്റങ്ങളില്‍ താല്‍ക്കാലിക മുറികളോ തമ്പുകളോ സ്ഥാപിക്കാന്‍ പാടില്ല.
വിശുദ്ധ റമദാനില്‍ ഇമാമുമാരും മുഅദ്ദിനുകളും കൃത്യമായി ഡ്യൂട്ടി നിര്‍വഹിക്കണം. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ല. നമസ്‌കാരങ്ങള്‍ക്കിടെ ഇമാമുമാരെയും വിശ്വാസികളെയും ചിത്രീകരിക്കാന്‍ മസ്ജിദുകളിലെ ക്യാമറകള്‍ ഉപയോഗിക്കരുത്. നമസ്‌കാരങ്ങള്‍ ഒരുവിധ മാധ്യമങ്ങളിലൂടെയും സംപ്രേക്ഷണം ചെയ്യാനും പാടില്ല. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം കൃത്യസമയത്ത് മുഅദ്ദിനുകള്‍ ബാങ്ക് വിളിക്കണം. ഇശാ നമസ്‌കാരത്തിനുള്ള ബാങ്ക് ഉമ്മുല്‍ഖുറാ കലണ്ടറില്‍ നിര്‍ണയിച്ച സമയത്തായിരിക്കണം വിളിക്കേണ്ടത്. ഓരോ നമസ്‌കാരത്തിനും അംഗീകരിച്ചതു പ്രകാരം ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം പാലിക്കണം. റമദാനില്‍ ഇശാ, സുബ്ഹി നമസ്‌കാരങ്ങളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം പത്തു മിനിറ്റ് വീതമാണ്.
തറാവീഹ് നമസ്‌കാരത്തില്‍ ആളുകളുടെ സാഹചര്യങ്ങള്‍ ഇമാമുമാര്‍ പ്രത്യേകം പരിഗണിക്കണം. റമദാന്‍ അവസാന പത്തില്‍ തഹജ്ജുദ് നമസ്‌കാരം സുബ്ഹി നമസ്‌കാര ബാങ്കിന് മതിയായ സമയം മുമ്പ് പൂര്‍ത്തിയാക്കണം. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം ഇമാമുമാര്‍ സ്ഥിരമായി പ്രയോജനപ്രദമായ കൃതികള്‍, വിശിഷ്യാ വ്രതാനുഷ്ഠാനവും അതിന്റെ മര്യാദകളും വിശുദ്ധ റമദാന്റെ പുണ്യങ്ങളും സമൂഹത്തിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ വിശ്വാസികള്‍ക്ക് വായിച്ചുകൊടുക്കണം.
ഭിക്ഷാടനത്തിന്റെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ പ്രത്യാഘാതങ്ങളെ കുറിച്ച് ഇമാമുമാരും മുഅദ്ദിനുകളും വിശ്വാസികളെ ബോധവല്‍ക്കരിക്കണമെന്നും ദാനധര്‍മങ്ങള്‍ ഔദ്യോഗികവും വിശ്വനീയവുമായ പ്ലാറ്റ്‌ഫോമുകള്‍ വഴി നല്‍കാന്‍ പ്രേരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫ് (ഭജനമിരിക്കല്‍) വ്യവസ്ഥകള്‍ പാലിക്കാന്‍ വിശ്വാസികളെ പ്രത്യേകം ഉണര്‍ത്തണം. ഓരോ മസ്ജിദുകളിലും ഇഅ്തികാഫ് ഇരിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഉത്തരവാദിത്തം ഇമാമുമാര്‍ക്കാണ്. മസ്ജിദുകളില്‍ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും നടത്തണം. സ്ത്രീകളുടെ നമസ്‌കാര സ്ഥലം പ്രത്യേകം സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments are closed.