മക്ക: ആഭ്യന്തര ഹജ് തീർഥാടകർക്ക് ഭക്ഷണം യഥാസമയത്ത് നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്. ഹജ് വേളയിൽ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലെ ആഭ്യന്തര തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സമയവും മന്ത്രാലയം വെളിപ്പെടുത്തി.
അറഫാദിനത്തിൽ പ്രഭാതഭക്ഷണം വിളമ്പുന്നതിനുള്ള സമയം പ്രഭാത (ഫജ്ർ) പ്രാർത്ഥനയ്ക്ക് ശേഷം രാവിലെ 10:00 വരെയാണ്. അറഫ ദിവസം ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള സമയം ഉച്ചയ്ക്ക് 1:30 മുതൽ 3 വരെ. അറഫയിൽനിന്നുള്ള തീർത്ഥാടകർ മുസ്ദലിഫയിൽ എത്തിയാലുടൻ അത്താഴം നൽകും.
തർവിയ്യ ദിനത്തിലും (ദുൽ ഹിജ്ജ 8) തസ്‌രീഖ് ദിനങ്ങളിലും (ദുൽഹിജ്ജ 11, 12, 13) ഭക്ഷണ വിതരണം ഇനി പറയുന്ന പ്രകാരമായിരിക്കും. രാവിലെ 5:00 മുതൽ 10:00 വരെ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ ഉച്ചഭക്ഷണം, രാത്രി 8:30 മുതൽ 11:30 വരെ അത്താഴം.
നിർദ്ദേശിക്കപ്പെട്ട സമയത്തിന് ശേഷമാണ് ഭക്ഷണം വിളമ്പുന്നതെങ്കിൽ തീർത്ഥാടകർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. അറഫാദിനത്തിൽ ഉച്ചഭക്ഷണം വിളമ്പാൻ കാലതാമസം നേരിട്ടാൽ മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനവും മുസ്ദലിഫയിൽ ഭക്ഷണം വിളമ്പാൻ വൈകിയാൽ പാക്കേജിന്റെ മൂന്ന് ശതമാനവും തീർഥാടകന് നഷ്ടപരിഹാരം നൽകും. ഈദുൽ അദ്ഹയിൽ (ദുൽ ഹിജ്ജ 10) ഉച്ചഭക്ഷണം വിളമ്പാൻ കാലതാമസം നേരിട്ടാൽ പാക്കേജ് മൂല്യത്തിന്റെ മൂന്ന് ശതമാനം(സൗദി റിയാൽ300ൽ കൂടരുത്) നഷ്ടപരിഹാരമായി നൽകണം.
അറഫാത്തിന്റെ ദിവസം ഉച്ചഭക്ഷണം വിളമ്പുന്നതിൽ കാലതാമസം ഉണ്ടായാൽ മൊത്തം പാക്കേജ് മൂല്യത്തിന്റെ അഞ്ച് ശതമാനം നഷ്ടപരിഹാരം നൽകണം. മുസ്ദലിഫയിൽ ഭക്ഷണം വിളമ്പുന്നതിലെ കാലതാമസത്തിന് പാക്കേജിന്റെ മൂല്യത്തിന്റെ അഞ്ച് ശതമാനം, ഈദ് അൽ അദ്ഹയിൽ ഉച്ചഭക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടാൽ പാക്കേജിന്റെ മൂല്യത്തിന്റെ അഞ്ച് ശതമാനം എന്നിങ്ങനെയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
Comments are closed.