ജിദ്ദ – സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ലക്ഷ്യങ്ങൾ
കൈവരിക്കാനും 2030 ഓടെ സൗദിയിലെങ്ങുമായി 60 കോടി മരങ്ങൾ നട്ടുവളർത്താനും ഒരു ദശകത്തിനുള്ളിൽ രാജ്യത്ത് ആയിരം കോടി മരങ്ങൾ നട്ടുവളർത്താനും ഉറച്ച ചുവടുവെപ്പുകളോടെ സൗദി അറേബ്യ മുന്നോട്ടുപോവുകയാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. ലോക കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് ദുബായിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുത്ത്
സംസാരിക്കുകയായിരുന്നു പരിസ്ഥിതി, ജല, കൃഷി മന്ത്രി. ഒന്നാമത് സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ഫോറം റിയാദിൽ നടത്തിയതു മുതൽ കൈവരിച്ച നേട്ടങ്ങളുടെ പൂർത്തീകരണമെന്നോണമാണ് മൂന്നാമത് ഫോറം സംഘടിപ്പിക്കുന്നത്.പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാനും അവയുടെ വികസനം, സമൃദ്ധി, സുസ്ഥിരത എന്നിവ കൈവരിക്കാനുമുള്ള യാത്രയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിച്ച് സൗദി അറേബ്യ 80 ലേറെ പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് അംഗീകരിച്ചതു മുതൽ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ 43 പദ്ധതികൾക്ക് സമാരംഭം കുറിക്കുകയും സൗദിയിലെങ്ങുമായി 4.39 കോടി മരങ്ങൾ നട്ടുവളർത്തുകയും തരിശായിക്കിടന്ന 94,000 ഹെക്ടർ ഭൂമി കൃഷിക്ക് അനുയോജ്യമാക്കി മാറ്റുകയും കാർബൺ ബഹിർഗമനം കുറക്കുന്നതിന് ഉൽപാദന ശേഷിയിൽ 300 ശതമാനം വർധനയും
പുനരുപയോഗ ഊർജ പദ്ധതികളിൽ എട്ടു ജിഗാവാട്ടിൽ കൂടുതൽ ഉൽപാദന ശേഷിയും
കൈവരിക്കുകയും ചെയ്തു. വൃക്ഷവൽക്കരണം,ജൈവവൈവിധ്യം, പരിസ്ഥിതി പരിപാലന നിരീക്ഷണം, മലിനീകരണം കുറക്കൽ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി സൗദി ഗ്രീൻ ഇനീഷ്യേറ്റീവിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വലിയ പങ്ക് വഹിക്കുന്നു. ആസൂത്രണം ചെയ്തതു പ്രകാരമുള്ള സമയക്രമം അനുസരിച്ച് പദ്ധതി നടപ്പാക്കുന്നത് മന്ത്രാലയം നിരീക്ഷിക്കുകയും അതിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.മരങ്ങൾ നട്ടുവളർത്താനുള്ള സൗദി അറേബ്യയുടെ തന്ത്രം സുസ്ഥിരതാ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിലയിനം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ശുദ്ധീകരിച്ച വെള്ളം, മഴവെള്ളം, ഉപ്പുവെള്ളം തുടങ്ങി പുനരുൽപാദിപ്പിക്കാവുന്ന ജലസ്രോതസ്സുകൾ പ്രയോജനപ്പെടുത്താനും സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും ഈ മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രയോഗിക്കാനും സൗദി അറേബ്യ പ്രവർത്തിക്കുന്നതായും എൻജിനീയർ എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു.
Comments are closed.