റിയാദ് – ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് അറിയിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നലെ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രീം കൗൺസിലിന്റെ പ്രഖ്യാപനമുള്ളത്. അംഗ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലയങ്ങൾ ഏകീകൃത വിസ സംബന്ധിച്ച നടപടികൾ ഉടൻ പൂർത്തിയാക്കും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വർധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിനും നവോത്ഥാനത്തിനും ഇത് അനുയോജ്യമായ തീരുമാനമാണ്. രാജ്യങ്ങൾക്കിടയിൽ പരസ്പര ബന്ധവും
സംയോജനവും വർദ്ധിപ്പിക്കുന്നതിൽ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും സഞ്ചാരം സുഗമമാക്കാൻ ഇത് സഹായിക്കും. അതോടെ ടൂറിസം മേഖലയിൽ വൻ വളർച്ച നേടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ടൂറിസം മേഖലയിലും മറ്റും സഹകരണം വർധിപ്പിക്കുന്നതിനും ആഴത്തിലുള്ള ബന്ധങ്ങൾ ഉറപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ നടപടിയാണ്
വിസയുടെ അംഗീകാരമെന്നും മന്ത്രി അൽഖത്തീബ് പറഞ്ഞു. അതേസമയം ഏകീകൃത വിസ 2024 നും 2025നുമിടയിൽ നിലവിൽ വരുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല തുവൈഖ് അറിയിച്ചു.
Comments are closed.