ദമാം : ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളെയും സൗദി അറേബ്യയെയും ബന്ധിപ്പിച്ച് ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ദമാം തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പർ ഗൾഫ് എക്‌സ്പ്രസ് എന്ന പേരിലാണ് മിലാഹ പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചിരിക്കുന്നത്. മേഖലാ, അന്താരാഷ്ട്ര തുറമുഖങ്ങളുമായുള്ള സൗദി തുറമുഖങ്ങളുടെ ബന്ധം ശക്തമാക്കാൻ പുതിയ ഷിപ്പിംഗ് സേവനം സഹായിക്കും. ഇത് സൗദിയിൽ മറൈൻ മേഖലക്കും സാമ്പത്തിക വളർച്ചക്കും പിന്തുണ നൽകും.
ഒമാനിലെ സഹാർ, യു.എ.ഇയിലെ ജബൽ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അൽശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ർ എന്നീ അഞ്ചു തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തർ ഷിപ്പിംഗ് കമ്പനി പുതിയ പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചിരിക്കുന്നത്. 1,015 കണ്ടെയ്‌നർ ശേഷിയുള്ള രണ്ടു ചരക്കു കപ്പലുകൾ ഉപയോഗിച്ച് ഈ തുറമുഖങ്ങൾക്കിടയിൽ ഖത്തർ കമ്പനി പ്രതിവാരം റെഗുലർ സർവീസുകൾ നടത്തും. മിലാഹ കമ്പനിയുടെ പുതിയ ഷിപ്പിംഗ് സേവനം ഇന്നലെ മുതൽ ആരംഭിച്ചു.
പുതിയ സേവനം ദമാം തുറമുഖത്തിന്റെ സ്ഥാനം വർധിപ്പിക്കുകയും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഷിപ്പിംഗ് ഏജൻസികൾക്കും മുന്നിൽ ദമാം തുറമുഖത്തിന്റെ മത്സരക്ഷമത ഉയർത്തുകയും ചെയ്യും. കൂറ്റൻ കപ്പലുകൾ സ്വീകരിക്കാൻ സാധിക്കുന്ന നിലക്ക് എല്ലാ സേവനങ്ങളും സജ്ജീകരണങ്ങളും പൂർണമായ 43 ബെർത്തുകൾ ദമാം തുറമുഖത്തുണ്ട്. പ്രതിവർഷം 10.5 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ദമാം തുറമുഖത്തിന് ശേഷിയുണ്ട്. ലോകത്തെ വൻകിട ഷിപ്പിംഗ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ സൗദി തുറമുഖങ്ങളെ കിഴക്കിലും പടിഞ്ഞാറിലുമുള്ള തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് 31 പുതിയ ഷിപ്പിംഗ് സേവനങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ കഴിഞ്ഞ വർഷം സൗദി പോർട്ട്‌സ് അതോറിറ്റി വിജയിച്ചിരുന്നു.
Comments are closed.