ഗസ്സയിൽ സൗദി സഹായ വിതരണം ആരംഭിച്ചു; ജനകീയ ക്യാംപെയ്നിലൂടെ സമാഹരിച്ചത് 1164 കോടി രൂപ

ഗസ്സയിൽ സൗദി അറേബ്യയുടെ ദുരിതാശ്വാസ സഹായവസ്‌തുക്കളുടെ വിതരണം തുടങ്ങി. ഈജിപ്‌തിലെ വെയർഹൌസിൽ നിന്നും റഫ അതിർത്തി വഴിയാണ് സഹായം ഗസ്സയിലേക്കെത്തിക്കുന്നത്. ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദിയിൽ ആരംഭിച്ച ജനകീയ കാമ്പയിന്റെ ഭാഗമായാണിത്.ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിയന്തിര സഹായ സാമഗ്രികളാണ് പ്രധാനമായും സൗദി ഗസ്സയിൽ വിതരണം ചെയ്യുന്നത്. ഈ മാസം ഒമ്പതാം തിയതി മുതൽ വിമാനമാർഗ്ഗം ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങൾ അയച്ച് തുടങ്ങി. 18-ാം തിയതി മുതൽ കൂടുതൽ സഹായവസ്തുക്കളുമായി സൗദിയുടെ കപ്പലുകളും പുറപ്പെട്ടു.ഈജിപ്തിലെ അൽ അരീഷിലുള്ള വെയർ ഹൌസിലാണ് ഇവ സൂക്ഷിക്കുന്നത്. അവിടെ നിന്നും റഫ അതിർത്തി വഴി ദുരിതാശ്വാസ സാധനങ്ങൾ ഗസ്സയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കിംഗ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്‌ദുല്ല അൽ- റബിഅ ഈജിപ്തിലെത്തി ഗസ്സയിലേക്കുള്ള സൗദിയുടെ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ സാധനങ്ങൾ സൂക്ഷിച്ചിരക്കുന്ന വെയർഹൌസും, റഫ അതിർത്തിയിലേക്കുള്ള സൗദിയുടെ വാഹനവ്യൂഹവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദിയിൽ ആരംഭിച്ച ജനകീയ കാമ്പയിന്റെ ഭാഗമായാണ് സേവനങ്ങൾ. കാമ്പയിനുമായി സഹകരിച്ച് 92 ലക്ഷത്തോളം ആളുകൾ ഇത് വരെ സഹായധനം കൈമാറി. ഇതിലൂടെ ഇത് വരെ 1164 കോടിയോളം രൂപ സമാഹരിച്ചതായി കിംഗ് സൽമാൻ റിലീഫ് കേന്ദ്രം അറിയിച്ചു.

Comments are closed.