സൗദിയുടെ സഹായം: ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കൾ വിതരണം തുടരുന്നു

റിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ സഹായവിതരണം തുടരുന്നു. ഈജിപ്തിലെ റഫാ അതിർത്തി വഴി ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിച്ചു വരുന്നതായി കിംഗ് സൽമാൻ റിലീഫ് സെന്റർ അറിയിച്ചു.

തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നു കുടിയിറക്കപ്പെട്ടവരിലേക്കും സഹായമെത്തിക്കാൻ കഴിഞ്ഞതായും സെന്റർ വ്യക്തമാക്കി.
ഗസ്സക്ക് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ മുഖേനയുള്ള സൗദിയുടെ സഹായം തുടരുന്നു. കര കടൽ മാർഗം ഈജിപ്തിലെത്തിച്ച വസ്തു‌ക്കൾ റഫാ അതിർത്തി വഴി ഗസ്സയിലെത്തിച്ചാണ് വിതരണം ചെയ്‌തു വരുന്നത്‌. കഴിഞ്ഞ ദിവസം ഗസ്സയിലെത്തിച്ച വസ്തുക്കൾ തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്കിടയിൽ വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി കിംഗ് സൽമാൻ റിലീഫ് സെന്റർ അറിയിച്ചു.

ഭക്ഷണം, വസ്ത്രം, മരുന്ന്, താൽക്കാലിക പാർപ്പിട കേന്ദ്രങ്ങൾ എന്നിവയാണ് അടിയന്തിരമായി വിതരണം ചെയ്യുന്നത്. ഫലസ്തീൻ റെഡ്ക്രെസന്റിന്റെയും യു.എൻ എയ്ഡ് സെല്ലിന്റെയും സഹായത്തോടെയാണ് സഹായ വിതരണം. സൗദി രാജ്യത്തെ ജനങ്ങളിൽ നിന്നും സ്വരൂപിച്ച സഹായധനമാണ് ഗസ്സയിൽ വിതരണം നടത്തി വരുന്നത്.
ഫലസ്തീനുള്ള ചരിത്രപരമായ പിന്തുണയും, മാനുഷിക, ദുരിതാശ്വാസ ഘട്ടവും പരിഗണിച്ചാണ് സഹായം വിതരണം തുടരുന്നതെന്ന് റിലീഫ് സെന്റർ വ്യക്തമാക്കി.

Comments are closed.