ചരക്കുനീക്കം അനായാസമാകും, ദമാമില്‍ വ്യവസായ മേഖലയെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു

റിയാദ് : ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പുതിയ ലോജിസ്റ്റിക്‌സ് സോണിനെ റെയില്‍വെ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണ്‍സും സൗദി അറേബ്യ റെയില്‍വെയ്‌സും ധാരണാപത്രം ഒപ്പുവെച്ചു. ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പത്തു ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച പുതിയ ലോജിസ്റ്റിക്‌സ് സോണിനെ റെയില്‍വെ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി പുതിയ ലോജിസ്റ്റിക്‌സ് സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ദമാം തുറമുഖം, റിയാദ് ഡ്രൈഡോക്ക്, ജുബൈല്‍, റാസല്‍ഖൈര്‍ തുറമുഖങ്ങള്‍ വഴി പ്രാദേശിക, മേഖലാ, ആഗോള വിപണികളില്‍ എളുപ്പത്തില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കും.

സുദൈര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് ബിസിനസ് സിറ്റിയില്‍ ഉത്തര റെയില്‍വെ ശൃംഖലയുമായി ബന്ധിപ്പിച്ച് റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാനും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സുദൈര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ നിക്ഷേപ, വികസന പ്രക്രിയയുമായി ഒത്തുപോകാനും പാസഞ്ചര്‍ ട്രെയിനുകളുടെ ശേഷി വര്‍ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

റിയാദ് നഗരത്തിനും സുദൈര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് ബിസിനസ് സിറ്റിക്കുമിടയിലെ യാത്രാ സമയം കുറക്കാനും റോഡുകളില്‍ തിരക്ക് കുറക്കാനും സുരക്ഷാ നിലവാരം ഉയര്‍ത്താനും പശ്ചാത്തല സൗകര്യങ്ങള്‍ സംരക്ഷിക്കാനും പദ്ധതി സഹായിക്കും. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഫാക്ടറികള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ അവലംബിക്കുന്ന ഇന്‍ഡസ്ട്രിയല്‍ സിറ്റികളിലെ ഫാക്ടറികള്‍ക്ക് പുതിയ റെയില്‍വെ പദ്ധതികള്‍ ഏറെ ഗുണം ചെയ്യും. സൗദി അറേബ്യ റെയില്‍വെയ്‌സ് വഴി ചരക്ക് നീക്കത്തിന് കരാറുകള്‍ ഒപ്പുവെക്കാന്‍ ഇത് പ്രേരകമാകും.

ഇതോടൊപ്പം റെയില്‍വെ ശൃംഖല വഴി ചരക്കുകളും ഉല്‍പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും തുറമുഖങ്ങളിലേക്കും കരാതിര്‍ത്തി പോസ്റ്റുകളിലേക്കും നീക്കം ചെയ്യുന്നതിന് ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 17 നിക്ഷേപകര്‍ സൗദി അറേബ്യ റെയില്‍വെയ്‌സുമായി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇത് കയറ്റുമതി സംവിധാനം ശക്തമാക്കാന്‍ സഹായിക്കും. ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ലോജിസ്റ്റിക്‌സ് സോണിനെ റെയില്‍വെ ശൃംഖലയില്‍ ബന്ധിപ്പിക്കാനുള്ള ധാരണാപത്രം മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയിലെ വിതരണ ശൃംഖലകളെ ശാക്തീകരിക്കാനും പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര വിപണികളിലേക്കുള്ള ചരക്ക് നീക്കം എളുപ്പമാക്കാനും സഹായിക്കും.

 

 

Comments are closed.