മനാമ : ബഹ്റൈനിലെ നിയമ വ്യവസ്ഥയ്ക്ക് എതിരായി അംഗീകാരമില്ലാതെ യാത്രക്കാരെ പണം ഈടാക്കി യാത്രാ സേവനം നൽകിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 648 ഡ്രൈവർമാരെ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടികൂടപ്പെട്ടവർക്ക് ആറുമാസം വരെ തടവും അല്ലെങ്കിൽ 1,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയാണ് ലഭിക്കുക. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി സഹകരിച്ചും ഏകോപിപ്പിച്ചും എല്ലാ ഗവർണറേറ്റുകളിലും നിയമം നടപ്പാക്കുന്നത് തുടരുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
അംഗീകൃത ടാക്സികളേക്കാൾ വാടക കുറച്ച് അനധികൃത ടാക്സികൾ
ബഹ്റൈനിൽ അംഗീകൃത ടാക്സി സേവനത്തേക്കാൾ നിരക്ക് കുറച്ച് അനധികൃത ടാക്സികൾ ‘സേവനം ‘ നടത്തുമ്പോൾ പല കമ്പനികളിലും വരുമാന നഷ്ടം ഉണ്ടാകുന്നു എന്ന് മാത്രമല്ല അംഗീകൃത ടാക്സി സർവീസുകളിലെ പല ഡ്രൈവർമാരുടെയും തൊഴിലിന് ഭീഷണി ആയതോടെയാണ് പല അംഗീകൃത ടാക്സി കമ്പനികളും അധികൃതർക്ക് പരാതി നൽകിയത്. തുടർച്ചയായ പരാതികൾ ലഭിച്ചതോടെയാണ് ബഹ്റൈനിലെ പല ചെക്കിങ് പോയന്റുകളിലും അനധികൃത ടാക്സികൾക്കെതിരെ പൊലീസ് നടപടി എടുത്തത്.
ബഹ്റൈന്റെ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ കമ്പനികൾക്കും മന്ത്രാലയം അംഗീകരിച്ച ഡ്രൈവർമാർക്കും മാത്രമാണ് ടാക്സി സേവനം നൽകാൻ അനുവാദമുള്ളത്. ഇത്തരം ടാക്സികൾ സ്വദേശി ഡ്രൈവർമാരാണ് കൂടുതലും ഉള്ളതെങ്കിലും അധികൃതർ പ്രത്യേക അനുവാദം നൽകിയിട്ടുള്ള കമ്പനികളിൽ മലയാളികൾ അടക്കം ഉള്ളവർ ജോലി ചെയ്തുവരുന്നുണ്ട്. ഇവർക്ക് അടിസ്ഥാന ശമ്പളം കൂടാതെ യാത്രക്കാരിൽ നിന്നുള്ള വരുമാനം അനുസരിച്ചുള്ള കമ്മീഷനും പല കമ്പനികളും നൽകിവരുന്നുണ്ട്.
ആദായ നികുതി പരിധിയിൽ മാറ്റമില്ല, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ് 2024 അവതരണംചില ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് മാസ വാടകയ്ക്ക് കാറുകൾ നൽകിയാണ് ഇത്തരം സേവനങ്ങൾ നടത്തിവരുന്നത്. അത്തരം ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് വീസയും വാഹനവും നൽകും. ഇന്ധനവും വാഹനങ്ങളുടെ മെയിന്റനൻസ് അടക്കമുള്ള കാര്യങ്ങൾ ഡ്രൈവർമാരുടെ ഉത്തരവാദിത്വത്തിൽ തന്നെയാണ്. റെന്റ് എ കാർ വാഹനങ്ങൾ പോലും മാസ നിരക്കിൽ എടുത്ത് പല വ്യക്തികളും അനധികൃതമായി ‘സേവനം ‘ നടത്താൻ തുടങ്ങിയതോടെ പല ഡ്രൈവർമാർക്കും വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്ന് പ്രമുഖ ടാക്സി കമ്പനിയിൽ ഡ്രൈവർ ജോലിയിലുള്ള മലയാളി പറഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്കും ആശുപത്രികൾക്കും മുന്നിൽ പാർക്ക് ചെയ്ത് ഉപഭോക്താക്കളെ വലവീശിപ്പിടിക്കുന്ന അനധികൃത ഡ്രൈവർമാര് തങ്ങൾക്ക് പലപ്പോഴും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.