ജിദ്ദ – വെല്ലുവിളികൾ നേരിടുന്നതിൽ സൗദി
റോയൽ നാവിക സേനയുടെ കരുത്ത് പകർന്ന്
ഹിസ് മെജസ്റ്റി കിംഗ് ജാസാൻ എന്ന് നാമകരണം ചെയ്ത പുതിയ കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ചു. വെസ്റ്റേൺ ഫഌറ്റിനു കീഴിൽ ജിദ്ദ കിംഗ് ഫൈസൽ നാവിക താവളത്തിൽ വെച്ച് പ്രതിരോധ മന്ത്രി
ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ കപ്പൽ
കമ്മീഷൻ ചെയ്തു. സൗദി നാവിക സേനക്കു കീഴിൽ ഔദ്യോഗിക സേവനത്തിൽ പ്രവേശിക്കുന്നതിതിന്റെ അടയാളപ്പെടുത്തൽ എന്നോണം കപ്പലിന്റെ ഫ്ളൈറ്റ് ഡെക്കിൽ കയറി പ്രതിരോധ മന്ത്രി സൗദി ദേശീയ പതാക ഉയർത്തി. ഇതോടെ കപ്പലിന്റെ റഡാറുകളും വിസിലുകളും പ്രവർത്തിക്കാൻ തുടങ്ങി.
അൽസറവാത്ത് പദ്ധതിയുടെ നാലാമത്തെ
കപ്പലായി സേവനത്തിൽ ചേരുന്നതിനെ സ്വാഗതം
ചെയ്ത് സമീപത്തെ മറ്റു കപ്പലുകളിലും വിസിലുകൾ മുഴങ്ങി. കപ്പലിന്റെ്റെ കമാൻഡ് ടവറിൽ പര്യടനം നടത്തിയ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ കപ്പലിലെ രജിസ്റ്ററിൽ സന്ദേശം രേഖപ്പെടുത്തുകയും ചെയ്തു. കപ്പൽ ജീവനക്കാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ സെഷനിലും പ്രതിരോധ മന്ത്രി പങ്കെടുത്തു.അൽസറവാത്ത് പദ്ധതിയുടെ ഭാഗമായി സൗദി നാവിക സേനക്കു വേണ്ടി നിർമിച്ച നാലാമത്തെ കപ്പലാണിത്. കോർവെറ്റ് അവാൻ്റി 2200 ഇനത്തിൽപെട്ട പുതിയ കപ്പൽ സൗദി നാവിക സേനയുടെ സുസജ്ജതാ നിലവാരം ഉയർത്താനും സൗദി അറേബ്യയുടെ സമുദ്ര സുരക്ഷ വർധിപ്പിക്കാനും തന്ത്രപ്രധാന താൽപര്യങ്ങൾ സംരക്ഷിക്കാനും സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച സൗദി റോയൽ നേവി മേധാവി ജനറൽ ഫഹദ് അൽഗുഫൈലി പറഞ്ഞു.
കപ്പലിന്റെ പ്രതിരോധ ശേഷികൾ പ്രാദേശികമായി നിർമിച്ചതാണ്. വ്യോമ, ഉപരിതല ലക്ഷ്യങ്ങൾ ഉന്നമിട്ടുള്ള ആക്രമണങ്ങൾ അടക്കം കപ്പൽ സംവിധാനങ്ങളുടെ പരീക്ഷണങ്ങൾ പൂർണമായും നടത്തിയത് സൗദിയിലാണ്. അൽസറവാത്ത് പദ്ധതിയുടെ ഭാഗമായ കപ്പലുകൾ ലോകത്തെ ഏറ്റവും പുതിയ ഇനങ്ങളിൽ പെട്ടതാണ്. ഹസം എന്ന പേരിൽ സൗദി വിദഗ്ധർ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൗദി യുദ്ധമാനേജ്മെന്റ് സംവിധാനം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വ്യോമ, ഉപരിതല, സമുദ്രാന്തർ ഭീഷണികളും ഇലക്ട്രോണിക് യുദ്ധവും കൈകാര്യം ചെയ്യാനുള്ള ഏറ്റവും പുതിയ യുദ്ധ സംവിധാനങ്ങൾ സജ്ജീകരിച്ച കപ്പലിന്റെ ശേഷികൾ ലോകത്തെ പല നാവിക കപ്പലുകളെക്കാളും മികച്ചതാണ്. 2030 ഓടെ പ്രതിരോധ വ്യവസായ മേഖലയുടെ 50 ശതമാനം പ്രാദേശികവൽക്കരിക്കാനുള്ള വിഷൻ 2030 കൈവരിക്കാൻ ശ്രമിച്ച് സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസും സ്പാനിഷ് കമ്പനിയായ നവാന്റിയയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ അൽസറവാത്ത് പദ്ധതിയിൽ സൗദി നാവിക സേനക്കു വേണ്ടി അഞ്ചു കപ്പലുകളാണ് നിർമിക്കുന്നതെന്നും സൗദി റോയൽ നേവി മേധാവി പറഞ്ഞു.
സൗദി സംയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽറുവൈലി, പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ്, സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് സി.ഇ.ഒ എൻജിനീയർ വലീദ് അബൂഖാലിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments are closed.