റിയാദ്- മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാർ ഷോക്ക് റിയാദ് അറീനയിൽ തുടക്കമായി. റിയാദ് സീസണിന്റെ ഭാഗമായി ലോകത്തെ തന്നെ അത്യപൂർവം ഇനം കാറുകളടക്കം പ്രദർശനത്തിനെത്തുന്ന ഈ മേള ഈ മാസം ഒമ്പതിന് ശനിയാഴ്ച സമാപിക്കും.ലോകത്തെ അറിയപ്പെടുന്ന കാർ കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കുന്ന ഈ ഷോയിൽ ലോകത്തെ അറിയപ്പെടുന്ന 50 കാർ ബ്രാൻഡുകളിൽ നിന്ന് 30 ലധികം പുതിയ കാറുകൾ പുറത്തിറക്കും.
സ്പോർട്സ് കാറുകൾ, ഓഫ് റോഡ് കാറുകൾ,
സെഡാൻ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ ഷോക്ക് എത്തിച്ചിട്ടുണ്ട്.സൗദി വിപണിയിൽ ഏറ്റവും പുതിയ കാർ മോഡലുകൾ അവതരിക്കുന്ന ഈ ഷോ വഴി കാർ കമ്പനികൾക്ക് പുതിയ അവസരങ്ങൾ
കണ്ടെത്താനും നിക്ഷേപങ്ങൾ നടത്താനും
അവസരമുണ്ടാകും. ഇലക്ട്രിക്, ഹൈഡ്രജൻ
കാറുകൾ പോലെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ എമിഷൻ കാറുകളും എക്‌സിബിഷനിൽ സന്ദർശകർക്ക് ആസ്വദിക്കാം. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അടുത്തിടെ ഒരു ബില്യൺ
ഡോളർ നിക്ഷേപിച്ച ലൂസിഡ് ഇലക്ട്രിക് കാറാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഫോർ വീൽ ഡ്രൈവ്, ഓഫ് റോഡ് കാറുകൾ, അത്യപൂർവ ക്ലാസിക് കാറുകൾ, ഗോകാർട്ടിംഗ് ട്രാക്കുകൾ,സിമുലേറ്റർ റേസുകൾ, വിവിധ കാർ ഡ്രൈവിംഗ് അനുഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഔട്ട്ഡോർ പ്രവർത്തനങ്ങളും ഇവന്റുകളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. കാർ ആക്സസറീസുകളുടെ വിപുല ശേഖരവുംഇവിടെയുണ്ട്. ഹോളിവുഡ് സിനിമകളിൽ പ്രശസ്തമായ കാറുകൾ സന്ദർശകർക്ക് വിസ്മയമാകും. വൈകുന്നേരം 4.30 മുതലാണ് പ്രവേശനം. പ്രവേശനം സൗജന്യമാണെങ്കിലും വിബുക് ആപ്ലിക്കേഷൻ വഴി സൗജന്യ ടിക്കറ്റെടുക്കണം.
86000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറീനയിൽ നാലു ദിവസത്തിനിടെ രണ്ടര ലക്ഷം സന്ദർശകരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Comments are closed.