മദീന രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ഓപ്പറേഷൻസ് സെന്റർ തുറന്ന് ഫ്ളൈ നാസ്

മദീന ഫ്ളെ നാസ് മദീന രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റവും പുതിയ ഓപ്പറേഷൻസ് സെന്റർ തുറന്നു. ദുബായ്, ഒമാൻ, ഇസ്താംബൂൾ, അങ്കാറ, അബഹ, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് മദീനയിൽ നിന്ന് ഫ്ളൈ നാസ് പുതുതായി സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. നേരത്തെ മുതൽ മദീനയിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം, കയ്റോ എന്നിവിടങ്ങളിലേക്ക് ഫ്ളൈ നാസ് സർവീസുകൾ നടത്തുന്നുണ്ട്.

വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർഥാടകർ അടക്കം യാത്രക്കാരിൽ നിന്നുള്ള വർധിച്ച ആവശ്യം കണക്കിലെടുത്താണ് മദീന പ്രിൻസ് മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ഓപ്പറേഷൻസ് സെന്റർ തുറന്നതെന്ന് ഫ്ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. പുതിയ ഓപ്പറേഷൻസ് സെന്റർ പ്രവർത്തനം തുടങ്ങിയതോടെ മദീനയിൽ നിന്ന് ഫ്‌ളൈ നാസ് സർവീസുകളുള്ള ഡെസ്റ്റിനേഷനുകളുടെ എണ്ണം പത്തായി ഉയർന്നു. ഇതിൽ അഞ്ചെണ്ണം രാജ്യാന്തര സർവീസുകളും അഞ്ചെണ്ണം ആഭ്യന്തര സർവീസുകളാണ്.

2030 ഓടെ സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തുകോടിയായും ഉയർത്താൻ ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് തന്ത്രം ലക്ഷ്യമിടുന്നുണ്ട്.

Comments are closed.