സൗദിയിൽ വിദേശികളിൽ ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വർധിച്ചു

സൗദിയുടെ കിഴക്കൻ പ്രവിശ്യിയിൽ നിന്നും അരലക്ഷത്തിലധികം വിദേശികൾ ഈ വർഷം ഇസ്ലാം സ്വീകരിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതുതായി ഇസ്ലാമിലേക്ക് കടന്നു വന്നത്. പുരുഷൻമാരും സ്ത്രീകളും ഇസ്ലാമിലേക്ക് കടന്ന് വന്നവരിലുണ്ട്.

സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്നും ഈ വർഷം ഇതുവരെയായി 56561 വിദേശികൾ ഇസ്ലാം ആശ്ലേഷിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം വെളിപ്പെടുത്തി. പ്രവിശ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅ്വ ഗൈഡൻസ് സെൻ്റർ തുടങ്ങിയവ വഴി ഇസ്ലാം സ്വീകരിച്ചവരുടെ കണക്കാണ് പുറത്ത് വിട്ടത്.ഇസ്ലാം സ്വീകരിച്ചവരിൽ 41609 പുരുഷൻമാരും, 14952 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. വിവിധ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. ഇസ്ലാമിനെ കുറിച്ച് പഠിച്ചും, സ്വയം താൽപര്യമറിയിച്ചും സമീപിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

ഇത്തരക്കാർക്ക് പ്രഭാഷണങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ബുക്കറ്റ്ലെറ്റുകൾ, അകാദമിക് പഠനങ്ങൾ, സെമിനാറുകൾ, ശിൽപ്പശാലകൾ, ചരിത്ര പ്രധാന സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നവരുടെയും ഇസ്ലാം ആശ്ലേഷിക്കുന്നവരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവ് ആഗോള തലത്തിൽ അനുഭവപ്പെട്ടുവരുന്നതായും ഈ രംഗത്തുള്ളവർ പറയുന്നു.

Comments are closed.