റിയാദ് ദേശീയ വനവൽക്കരണ പരിപാടി ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി പുരോഗതി കൈവരിച്ചതായി സൗദി ഔദ്യോഗീക വാർത്ത ഏജൻസി റിപോർട്ടു ചെയ്തു. സന്നദ്ധപ്രവർത്തകർ, സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾ, ലാഭേച്‌ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ 13 മേഖലകളിലാണ് സൗദി ഹരിതവൽക്കരണ സംരംഭ ലക്ഷ്യവുമായി പദ്ധതി തുടങ്ങിയിരിക്കുന്നത്.റിയാദ് മേഖലയിൽ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ സഹകരണത്തോടെ താദിഖ് നാഷനൽ പാർക്കിൽ 1,500 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയിൽ നിരവധി നയതന്ത്രജ്‌ഞരും പരിസ്‌ഥിതി പ്രവർത്തകരും സംഘടനകളും സന്നദ്ധപ്രവർത്തകരും പങ്കെടുത്തു.
കിഴക്കൻ പ്രവിശ്യയിലെ കിങ് സൽമാൻ എനർജി പാർക്കിൽ 23,000 തൈകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ഹസ നാഷനൽ പാർക്കിൽ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറുമായി സഹകരിച്ച് 5,844 തൈകൾ നട്ടു പിടിപ്പിച്ചു. ഓരോ 100 പേജ് വായിക്കുമ്പോഴും ഒരു മരം നട്ടുപിടിപ്പിക്കാനും അങ്ങനെ 5,000 മരങ്ങൾ നട്ടുപിടിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വായനാ മാരത്തണിൽ 75 ഓളം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.
Comments are closed.