ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി സൗദി

ജിദ്ദ :സൗദി അറേബ്യ ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 119 രാജ്യങ്ങളിലേക്ക് സൗദി  ഈന്തപ്പഴം കയറ്റി അയച്ചു. 2023 ല്‍ 146.2 കോടി റിയാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചത്. 2022 ല്‍ ഈന്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു. എട്ടു വര്‍ഷത്തിനിടെ ഈന്തപ്പഴ കയറ്റുമതി 152.5 ശതമാനം വര്‍ധിച്ചു. 2016 ല്‍ 57.9 കോടി റിയാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചിരുന്നത്. എട്ടു വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 12.3 ശതമാനം വളര്‍ച്ച ഈന്തപ്പഴ കയറ്റുമതിയില്‍ രേഖപ്പെടുത്തി.

ഉല്‍പാദകരും കയറ്റുമതിക്കാരും പരസ്പര ഏകോപനത്തോടെ ഊര്‍ജിതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ പാംസ് ആൻഡ് ഡേറ്റ്‌സ് സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ നുവൈറാന്‍ പറഞ്ഞു. ലോക രാജ്യങ്ങളിലേക്കുള്ള ഈന്തപ്പഴ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സെന്റര്‍ നിരന്തര ശ്രമം നടത്തിവരികയാണ്. പല രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ശ്രദ്ധേയമായ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്.

Comments are closed.