റിയാദ്: സൗദിയില്‍ നീതിന്യായ രംഗത്തെ പരിഷ്‌കരണവും സമൂഹത്തിനിടയില്‍ ഐക്യവും രഞ്ജിപ്പും ഊട്ടിയുറപ്പിക്കുന്നതിനും അനുരഞ്ജന സംസ്‌കാരവും വിട്ടു വീഴ്ചാമനോഭവും പ്രചരിപ്പിക്കുന്നതിനുമായി ആരംഭിച്ച തറാദി പ്ലാറ്റ് ഫോം വഴി കഴിഞ്ഞ വര്‍ഷം 735000 ലധികം അനുരഞ്ജന സെഷനുകള്‍ നടത്തിയതായി സൗദി നീതിന്യായ വകുപ്പ് വെളിപ്പെടുത്തി. സെഷനുകളിലെത്തിയ വിവിധ കക്ഷികള്‍ക്കിടയില്‍ രഞ്ജിപ്പിലെത്താന്‍ സാധിക്കുകയും തീര്‍പ്പ് ഉത്തരവ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത് 117000 കേസുകളിലാണ്. തറാദി പ്ലാറ്റ്ഫോം ആരംഭിച്ചതിന് ശേഷം 1.6 ദശലക്ഷത്തിലധികം അനുരഞ്ജന സെഷനുകള്‍ നടന്നതായാണ് കണക്ക് ഇതിന്റെ പ്രയോജനം 30 ലക്ഷം പേര്‍ക്ക് ലഭിക്കുകയും 290,000 അനുരഞ്ജന വിധി പ്രസ്താവന രേഖകള്‍ ഇഷ്യൂ ചെയ്യുകയുമുണ്ടായിട്ടുമുണ്ട്. തറാദി വഴി നടത്തുന്ന അനുരഞ്ജനത്തിലൂടെ ഇഷ്യു ചെയ്യുന്ന സാക്ഷിപത്രത്തിന് കോടതി വിധിയുടെ അതേ മൂല്യമുണ്ടാകുകയും ബന്ധപ്പെട്ട വകുപ്പുകള്‍ വിധി നടപ്പിലാക്കുകയും ചെയ്തിരിക്കണമെന്നാണ് നിയമം. കോടതി വ്യവഹാരങ്ങള്‍ നീണ്ടു പോകാതിരിക്കുന്നതിനും കേസുകളുടെ ബാഹുല്ല്യം മുഖേന കോടതികള്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനും ഇതുമുഖേന സാധിച്ചിട്ടുണ്ട്. കേസിലെ കക്ഷികള്‍ക്ക് നിര്‍ണിത ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ തര്‍ക്കങ്ങള്‍ തറാദി പ്ലാറ്റ് ഫോം വഴി ഓണ്‍ ലൈനായി പരിഹരിക്കാന്‍ സാധിക്കുന്നുവെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. തറാദി വഴി അനുരഞ്ജനത്തിലെത്തിയ ശേഷം അതു ലംഘിക്കുന്ന കക്ഷിക്കെതിരെ കോടതിയെ സമീപിക്കാവുന്നതും തറാദി വിധി കോടതി വിധിയായി അംഗീകരിച്ച് നടപ്പില്‍ വരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉത്തരവും നല്‍കുകയും ചെയ്യുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
Comments are closed.