ഹാഇൽ: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തെൻറ കൈവശമുണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടർക്ക് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പാലക്കാട് സ്വദേശി പ്രഭാകരൻ ഇസാക്ക് മോചിതനായത്. തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് ലഗേജ് പരിശോധനയിൽ മരുന്നുകൾ കണ്ടെത്തിയത്.
നാർകോട്ടിക് വിഭാഗത്തിെൻറ സ്പെഷൽ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ കൈവശം നാട്ടിൽനിന്ന് കൊണ്ടുവന്ന മരുന്ന് കണ്ടെത്തുകയായിരുന്നു. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണസംഘം മുമ്പാകെ പറെഞ്ഞങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകൾ കൈവശമില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിെൻറ മോചനത്തിന് ഹാഇൽ കെ.എം.സി.സി വെൽഫെയർ വിഭാഗം ഭാരവാഹി പി.എ. സിദ്ദീഖ് മട്ടന്നൂർ ശ്രമിക്കുകയും ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടുകൂടി അധികാരികളുമായി ബന്ധപ്പെട്ട് മോചിപ്പിക്കുകയായിരുന്നു. നാട്ടിൽനിന്ന് വരുന്ന പ്രവാസികൾ ഡോക്ടറുടെ നിർദേശങ്ങളും പ്രിസ്ക്രിപ്ഷൻ ലെറ്ററും കൈയിൽ കരുതാൻ മറക്കരുതെന്ന് സിദ്ദീഖ് പ്രവാസികളോട് അഭ്യർഥിച്ചു.
Comments are closed.