മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച മുതൽ ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയൊടെയായിരിക്കും മഴ കോരിച്ചൊരിയുക. ആലിപ്പഴവും വർഷിക്കും.
തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുക. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 3.5 മീറ്റർവരെ ഉയർന്നേക്കും.
ഞായറാഴ്ച മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നിവിടങ്ങളിൽ പത്ത് മുതൽ 40 മി. മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 64 കിലോമീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. വാദികൾ നിറഞ്ഞൊഴുകും.
ന്യൂനമർദത്തിന്റെ ഭാഗമായുള്ള ശക്തമായ മഴയും കാറ്റും ലഭിക്കുക തിങ്കളാഴ്ചയായിരിക്കുമെന്ന് സിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പു ബുള്ളറ്റിൻ ഒന്നിൽ പറയുന്നു. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ 30 മുതൽ 100 മി. മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 83വരെ കി. മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ 10 മുതൽ 35 മി. മീറ്റർവരെ മഴ ലഭിച്ചേക്കും. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലായിരിക്കും തീവ്രത അനുഭവപ്പെടുക. ബുധനാഴ്ച രാവിലെ മുതൽ ന്യൂനമർദം ക്രമേണ ദുർബലമാകും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും.
മണിക്കൂറിൽ 28 മുതൽ 64കി. മീറ്റർവരെ വേഗത്തിൽ കാറ്റ് വീശിയേക്കും. വേണ്ട മുൻ കരുതൽ നടപടികൾ എടുക്കണമെന്നും കടലിൽ പോകുന്നവർ ദൂരക്കാഴ്ചയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Comments are closed.