ജിദ്ദ : വിദേശികളായ ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്ന യൂനിഫോം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പരസ്യപ്പെടുത്തി. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടിയാണ് കരടു യൂനിഫോം പരസ്യപ്പെടുത്തിയത്. കറുത്ത പാന്റ്‌സും കറുപ്പും ഇളം പിങ്കും നിറത്തിലുള്ള ഹാഫ് കൈ ടീ ഷര്‍ട്ടുമാണ് കരടു യൂനിഫോം ആയി അതോറിറ്റി നിര്‍ണയിച്ചിരിക്കുന്നത്. ടീ ഷര്‍ട്ടിന്റെ മുന്‍വശത്തും പിന്‍ഭാഗത്തും ഡെലിവറി ആപ്പ് കമ്പനിയുടെ എംബ്ലം സ്ഥാപിക്കാന്‍ സ്ഥലം നിര്‍ണയിച്ചിട്ടുണ്ട്. ടീ ഷര്‍ട്ടിന്റെ മുന്‍വശത്തും പിന്‍ഭാഗത്തും മഞ്ഞ വരകളില്‍ വേര്‍തിരിച്ച ഭാഗങ്ങളില്‍ ഡെലിവറി മാന്‍ എന്ന് അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും നിയമാവലിക്കും അനുസൃതമായി ഡെലിവറി ഡ്രൈവര്‍മാരുടെ രൂപം ഏകീകരിക്കാനാണ് യൂനിഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും, വലിയൊരു വിഭാഗം പൗരന്മാര്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സേവനം നല്‍കുന്ന ഈ സുപ്രധാന മേഖലയുടെ പൊതുവായ രൂപം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ ഡ്രൈവര്‍മാര്‍ക്കും യൂനിഫോം നിര്‍ബന്ധമായിരിക്കും. ഡ്രൈവരുടെ പേരുവിവരങ്ങളും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കലും നിര്‍ബന്ധമാണ്. ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദികള്‍ക്ക് യൂനിഫോം നിര്‍ബന്ധമല്ല. എന്നാല്‍ പൊതുഅഭിരുചി നിയമാവലി അനുസരിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും സൗദികള്‍ക്ക് ബാധകമായിരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി രണ്ടാഴ്ച മുമ്പ് പൊതുഗതാഗത അതോറിറ്റി അറിയിച്ചിരുന്നു. ഡെലിവറി മേഖല ക്രമീകരിക്കാന്‍ ലക്ഷ്യമിട്ട് ഏതാനും തീരുമാനങ്ങള്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കും. പതിനാലു മാസത്തിനുള്ളില്‍ ക്രമേണ ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളിലൂടെ ജോലി ചെയ്യാന്‍ വിദേശികളെ നിര്‍ബന്ധിക്കുമെന്നതാണ് പുതിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനം. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സിസ്റ്റം വഴി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി ഫെയ്‌സ് വെരിഫിക്കേഷന്‍ ഫീച്ചര്‍ നടപ്പാക്കാന്‍ ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിര്‍ബന്ധിക്കാനും തീരുമാനമുണ്ട്. ഫ്രീലാന്‍സ് രീതിയില്‍ ഡെലിവറി മേഖലയില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ സൗദികളെ അനുവദിക്കും. എന്നാല്‍ ഈ രീതിയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് പ്രവിശ്യകള്‍ക്കനുസരിച്ച് വിദേശികളെ പടിപടിയായി വിലക്കും.
Comments are closed.