അന്താരാഷ്ട്ര ഭക്ഷ്യമേള: ‘സൗദി ഹൊറീക’ നാളെ മുതൽ ജിദ്ദയിൽ  

ജിദ്ദ : ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശനമേളയായ ‘സൗദി ഹൊറീക 2024’ ന് നാളെ ജിദ്ദയിൽ തുടക്കം. സൗദി ഇവൻറ് മാനേജ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് കമ്പനിയാണ് നാളെ ആരംഭിക്കുന്ന തിദിന മേള ജിദ്ദയിലെ വിശാലമായ സൂപ്പർ ഡോമിൽ സംഘടിപ്പിക്കുന്നത്. വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് പ്രദർശനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണക്കാർ, പാചക വിദഗ്ധർ തുടങ്ങി ഭക്ഷ്യ ഉൽപന്നങ്ങളുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ സൗദി ഹൊറീകയിൽ പങ്കെടുക്കും.

ലബനാൻ, ജോർദാൻ, കുവൈത്ത്, ഒമാൻ, സൗദിയിൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക പ്രദർശനമേളയാണ് ഹൊറീക.

സെമിനാറുകൾ, പാചക മത്സരങ്ങൾ, കോഫി നിർമാണ മത്സരം തുടങ്ങി വിവിധ പരിപാടികൾ മേളയിൽ നടക്കും. സെലിബ്രിറ്റി ഷെഫുകളുടെ തത്സമയ പാചക സെഷനുകളിൽ പങ്കെടുക്കാനും അവരുടെ തൽസമയ മത്സരങ്ങളിൽ പങ്കെടുക്കാനും നൂറുകണക്കിന് സന്ദർശകർ മേളയിലെത്തും.

ജി.സി.സി രാജ്യങ്ങളിൽ ബേക്കറി ഉൽപന്ന മെഷിനറികളുടെ നിർമാണരംഗത്ത് മുൻനിരയിലുള്ള മലയാളി സംരംഭകരായ അൽ ഹാസ്മി ഇൻറർനാഷനൽ ഉൾപ്പെടെ ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മേളയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്. മേള സന്ദർശിക്കാനെത്തുന്നവർ https://www.saudihoreca.com/Jeddah/EN/index.html എന്ന വെബ്‌സൈറ്റ് വഴി നേരത്തേ രജിസ്റ്റർ ചെയ്യണം. ഈ വർഷത്തെ രണ്ടാമത്തെ ‘സൗദി ഹൊറീക’ ഭക്ഷ്യമേള നവംബർ 25 മുതൽ 27 വരെ റിയാദിലാണ് നടക്കുക.

Comments are closed.