മരുന്നുമായി വരുന്ന പ്രവാസികൾ ജാഗ്രത പുലർത്തുക, നിയമം കർശനം   

ജിദ്ദ: സൗദി അറേബ്യയിൽ സൗദി ഡ്രഗ് ആന്റ് ഫുഡ് അഥോറിറ്റി അംഗീകരിക്കാത്ത മരുന്ന് കൈവശം വെക്കുന്നവർ പിടിയിലാകുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സഹചര്യത്തിൽ നാട്ടിൽനിന്ന് വരുന്നവരും ജാഗ്രത പുലർത്തണമെന്ന് സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു. നിലവിൽ സ്വന്തം ഉപയോഗത്തിനുള്ളതും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഉപയോഗത്തിന് വേണ്ടിയും കെട്ടുകണക്കിന് മരുന്നുകളാണ് ഓരോ പ്രവാസിയുടെയും പെട്ടിയിലുണ്ടാകാറുള്ളത്. അപൂർവ്വമായി മാത്രമേ ഇത്തരത്തിൽ മരുന്നുകളുമായി വരുന്നവരെ വിമാനതാവളങ്ങളിൽ ചോദ്യം ചെയ്യാറുള്ളൂ. എന്നാൽ നിലവിലെ സഹചര്യത്തിൽ ഇതിന് മാറ്റമുണ്ടായേക്കാം. അതിനാൽ, വളരെ അത്യാവശ്യമുള്ള മരുന്നുകൾ മാത്രം കൂടെക്കരുതുവാൻ എല്ലാവരും ശ്രദ്ധിക്കണം. ഈ മരുന്നുകൾക്ക് ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടികളും കൈവശം വെക്കണം. ഇതിനു പുറമ, മെഡിക്കൽ രേഖകളും കയ്യിൽ കരുതുന്നത് നല്ലതാണ്. നിയമപ്രശ്‌നങ്ങളിലേക്ക് കടന്നുകഴിഞ്ഞാൽ പിന്നീട് അതിൽനിന്ന് മോചിതരാകാൻ ഏറെ സമയമെടുക്കും. മാത്രമല്ല, ശക്തമായ നടപടികളും നേരിടേണ്ടി വരും.

Comments are closed.