സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ നിയമം; സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസ് നിർബന്ധം

ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കി നൽകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

വ്യാപാര സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആദ്യം സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനം സന്ദർശിച്ച് പരിശോധന നടത്തും. മതിയായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാനാകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലത്തിൻ്റെതാണ് തീരുമാനം. ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും, ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സിവിൽ ഡിഫൻസ് ആരംഭിച്ച സലാമ പോർട്ടൽ വഴി സ്ഥാപനങ്ങൾക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാണ്.

സുരക്ഷാ ഉപകരണങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കൽ, വ്യാപാര സ്ഥാപനങ്ങളുടെ ഫയൽ വിവരങ്ങൾ തിരുത്തൽ, ടെക്നിക്കൽ റിപ്പോർട്ടുകൾ അനുവദിക്കൽ, സുരക്ഷാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൺസൾട്ടിംഗ് എൻജിനീയറിംഗ് ഓഫീസുകൾക്കും അംഗീകാരം നൽകൽ തുടങ്ങിയ സേവനങ്ങൾ ‘സലാമ’ പോർട്ടൽ വഴി ഓണ്‍ലൈനായി ലഭിക്കുമെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

Comments are closed.